കോഴിക്കോട്: സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ എൽഡിഎഫ് തങ്ങളെ പൂർണ്ണമായും അവഗണിച്ചതായി ജെഡിഎസ് കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ ലോഹ്യ. ഇടതുമുന്നണിയിൽ നിന്നും അവഗണന നേരിടുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ല പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ജെഡിഎസ്.

കോർപറേഷനിൽ ആറ് വാർഡുകളിലേക്കും ജില്ല പഞ്ചായത്തിലേക്ക് അഞ്ച് ഡിവിഷനിലേക്കുമാണ് ജെഡിഎസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇടതുമുന്നണിയുമായ ചർച്ച തുടരുമെന്നും അവഗണന തുടരാനാണ് തീരുമാനമെങ്കിൽ ഈ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കെ ലോഹ്യ പറഞ്ഞു.

എൽജെഡി മുന്നണിയിൽ എത്തിയതിന് ശേഷം തങ്ങളെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ നിരന്തരം അവഗണിക്കുന്നതിൽ പ്രവർത്തകർക്കിടയിൽ നിന്നും വലിയ പ്രതിഷേധമാണ് ഇന്ന് കോഴിക്കോട് ചേർന്ന യോഗത്തിൽ ഉയർന്നത്. ജെഡിഎസിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് ഇടതുമുന്നണി കോഴിക്കോട് കോർപറേഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ചില സീറ്റുകൾ ഒഴിവാക്കിയിട്ടുണ്ട്. ഈ സീറ്റുകൾ ജെഡിഎസിന് വിട്ടുനൽകുമെന്നാണ് സൂചന.