പറ്റ്ന: എൻഡിഎ സർക്കാർ നാളെ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇത് നാലാം ഊഴം. സത്യപ്രതിജ്ഞാച്ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ ആരംഭിക്കും. മുഖ്യമന്ത്രിപദത്തിലെത്തുകയാണെങ്കിൽ ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവായി നിതീഷ് മാറും. നിതീഷ് കുമാർ ഇന്ന് വൈകീട്ട് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഔദ്യേഗികമായി നിതീഷ്‌കുമാറിനെ എൻഡിഎ നേതാവായി തിരഞ്ഞടുത്തതിന് തൊട്ടു പിന്നാലെയാണ് സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് നിതീഷ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

രാജ്നാഥ് സിങ് പങ്കെടുത്ത യോഗം എൻഡിഎയുടെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സുശീൽ മോദി തന്നെ തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിത്വം നിലനിൽക്കുകയാണ്. ബിജെപി നേതാവ് തർകിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രി ആയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ, യുപി മാതൃകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും സൂചനകളുണ്ട്.സത്യപ്രതിജ്ഞയ്ക്കു ശേഷം കാബിനറ്റ് മീറ്റിങ് ചേർന്ന് നിയമസഭ വിളിച്ചുചേർക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് നിതീഷ് പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി വിഐപി പാർട്ടിയും ഹിന്ദുസ്ഥാനി ആവാം മോർച്ചയും ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇത് പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് നിലവി ലഭിക്കുന്ന വിവരം. സുപ്രധാന വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നതാണ് ഇനി നിർണായകമാകുക. ബിജെപിക്കോ ലാലുപ്രസാദ് യാദവിനോ അവകാശപ്പെടാനുള്ളതിന്റെ ചെറിയൊരു ശതമാനം പോലും സാമുദായിക പിന്തുണയില്ലാത്ത നിതീഷ് കുമാർ നേതൃ പ്രതിച്ഛായ ഒന്നു കൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി മണ്ഡൽ രാഷ്ട്രീയത്തിലൂടെ ദേശീയ രംഗത്തേക്കും നിതീഷ് കുമാർ ഉയർന്നു. രണ്ട് ശതമാനം മാത്രമുള്ള തന്റെ സാമുദായിക വോട്ടുകൾക്കൊപ്പം പല വിഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള നിതീഷ് കുമാറിന്റെ സോഷ്യൽ എഞ്ചിനിയറിംഗിനെ വെല്ലാനും ആർക്കുമായില്ല.

എക്കാലത്തും കുടുംബരാഷ്ട്രീയ്തിനെതിരെ ശബ്ദിച്ച നിതീഷ് കുമാർ അധികാരത്തിൽ നിന്ന് സ്വന്തം കുടുംബത്തെ അകറ്റി നിർത്താനും ജാഗ്രത പുലർത്തി. ഏറ്റവുമൊടുവിൽ പാർട്ടിയുടെ ബിഹാറിലെ സാമൂഹിക അടിത്തറ ചോരുന്നതിന് സാക്ഷിയായ നിതീഷ് കുമാർ ഭരണ വിരുദ്ധ വികാരം അടക്കം മായ്ച്ചെടുക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിജെപി ചലിപ്പിക്കുന്ന സർക്കാരിൽ ഇത്തവണ നിതീഷ് കുമാറിന്റെ ഭാവിയെന്തെന്നതും കാത്തിരുന്ന് കാണേണ്ടി വരും.

പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ മേൽനോട്ടത്തിൽ പട്നയിൽ ചേർന്ന യോഗത്തിലാണ് നിതീഷിനെ എൻഡിഎ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കത്തിഹാർ എംഎൽഎ തർകിഷോർ പ്രസാദാണ് ബിജെപി നിയമസഭാകക്ഷി നേതാവ്. ബെത്തിയയിൽ നിന്ന് വിജയിച്ച രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായി ബിജെപി എംഎൽഎ മണ്ഡു കുമാർ വെളിപ്പെടുത്തി. നിതീഷിന്റെ വിശ്വസ്തൻ സുശീൽ മോദി ഉപമുഖ്യമന്ത്രിയാകാനിടയില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്ന് സുശീൽ മോദി ട്വീറ്റ് ചെയ്തു. പാർട്ടിയുടെ സാധാരണ പ്രവർത്തകനെന്ന പദവി ആർക്കും നീക്കാൻ കഴിയില്ലെന്നും സുശീൽ മോദി പ്രതികരിച്ചു. സ്പീക്കർ പദവിയും ബിജെപി ഏറ്റെടുത്തേക്കും. വകുപ്പുകൾ ജെഡിയും ബിജെപിയും തുല്യമായി പങ്കിടുമെന്നാണ് സൂചന. വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് ബിജെപിയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ജെഡിയും വകുപ്പുകൾ നൽകണം. അതേസമയം, നിതീഷ് മുഖ്യമന്ത്രിയാകുന്നത് ജനവിധിക്ക് എതിരാണെന്ന് കോൺഗ്രസും ആർജെഡിയും ആരോപിച്ചു.

243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 110 ൽ ഒതുങ്ങി. എൻഡിഎയിൽ ബിജെപിക്കാണ് കൂടുതൽ സീറ്റ്. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി 74 സീറ്റ് നേടിയപ്പോൾ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകൾ മാത്രമാണ്. ജെഡിയുവിന്റെ മോശം പ്രകടനത്തിൽ നിരാശനായ നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മുന്നണിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ നിതീഷിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.