ന്യൂഡൽഹി: നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഏഴ്​​ സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ പുതുതായി ഒന്നുമില്ലെന്ന്​ ജസ്​റ്റിസുമാരായ അശോക്​ ഭുഷൻ, ബി.ആർ.ഗവായ്​, കൃഷ്​ണ മുരി എന്നിവർ നിരീക്ഷിച്ചു. ​പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ്​ തള്ളിയത്​. മഹാരാഷ്​ട്ര, ബംഗാൾ, പഞ്ചാബ്​, രാജസ്ഥാൻ, ജാർഖണ്ഡ്​, ചത്തീസ്​ഗഢ്​, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ്​ കോടതിയിൽ പുനഃപരിശോധന ഹർജി നൽകിയത്​.

കോവിഡി​ന്റെ പശ്​ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ജഡ്​ജിമാരുടെ ചേംബറിലാണ്​ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്​. നേരത്തെ പരീക്ഷ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ 11 സംസ്ഥാനങ്ങളിലെ 11 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.സെപ്​തംബർ ഒന്നിന്​ തുടങ്ങിയ ജെ.ഇ.ഇ പരീക്ഷ ​ആറ്​ വരെ നീണ്ടു നിൽക്കും. സെപ്​തംബർ 13നാണ്​ നീറ്റ്​ പരീക്ഷ​ നടക്കുന്നത്​.