ലണ്ടൻ: യേശു കൃസ്തുവിന്റെ ബാല്യകാലത്തെ കുറിച്ച് കാര്യമായ അറിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജനനത്തിനു പിന്നീട് യവ്വനാവസാന കാലഘട്ടത്തിനും ഇടയിലുള്ള യേശുവിന്റെ ജീവിതത്തെ കുറിച്ച് ബൈബിളിലും കാര്യമായ പരാമർശങ്ങളൊന്നുമില്ല. അപ്പോഴാണ് യേശുവിന്റെ ബാല്യകാല വസതി കണ്ടെത്തി എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ബ്രിട്ടീഷ് ഗവേഷകൻ വരുന്നത്. ഇസ്രയേലിലെ നസ്രേത്തിലുള്ള സിസ്റ്റേഴ്സ് ഓഫ് നസ്രേത്ത് കോൺവെന്റിനടിയിൽ നടത്തിയ ഉത്ഖനനത്തിൽ ലഭിച്ച അവശിഷ്ടങ്ങൾ യേശുവിന്റെ ബാല്യകാല വസതിയുടേതാണെന്നാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ പ്രൊഫസർ കെൻ ഡാർക്ക് അവകാശപ്പെടുന്നത്.

1880- ൽ കണ്ടെത്തിയ ഈ അവശിഷ്ടങ്ങൾ ഒന്നാം നൂറ്റാണ്ടിലേതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കല്ലും കുമ്മായവും കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടം അത് നൈപുണ്യമുള്ള ഒരു കല്ലാശാരിയുടേ കരവിരുതിന് ഉദാഹരണമാണ്. അത് ഒരുപക്ഷെ യേശുവിന്റെ പിതാവായ ജോസഫിന്റേതാകാം എന്നാണ് പ്രൊഫസർ ഡാർക്ക് പറയുന്നത്. 1880 കളിലാണ് ഇവിടെ നിന്നും ആദ്യമായി ചില കെട്ടിടാവശിഷ്ടങ്ങൾ ലഭിച്ചത്. പ്രമുഖ ബൈബിൾ പണ്ഡിതനായ വിക്ടർ ഗുറേയ്ൻ 1888 ൽ ഇത് യേശുവിന്റെ വീടിന്റെ ഭാഗമാണെന്ന് പറഞ്ഞതിനെ തുടർന്ന് കൂടുതൽ തെളിവുകൾക്കായി ഉദ്ഖനനം തുടരുകയായിരുന്നു.

1930 കളുടെ അവസാനം വരെ ഉദ്ഖനനം തുടർന്നെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. അതിനു ശേഷം 1936 മുതൽ 1964 വരെ ഒരു ജെസ്യുട്ട് പാതിരിയുടെ നേതൃത്വത്തിൽ ഉദ്ഖനനവും ഗവേഷണവും നടന്നു. പിന്നീട് ഈ സ്ഥലം മറവിയിലാണ്ട് പോവുകയായിരുന്നു. വളരെ കാലത്തിനു ശേഷം 2006 ;ലാണ് പ്രൊഫസർ ഡാർക്ക് ഈ പ്രൊജക്ട് ആരംഭിച്ചത്.

തന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി ഇദ്ദേഹം 2015-ൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തന്റെ പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ അത് ജോസഫിന്റെയും മേരിയുടെയും വീടാണ് എന്ന നിഗമനത്തിലായിരുന്നു അദ്ദേഹം എത്തിച്ചേർന്നത്. തുടർന്നുള്ള ഗവേഷണത്തിൽ ആ കെട്ടിടാവശിഷ്ടങ്ങൾ ഒന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു കെട്ടിടത്തിന്റെതാണെന്ന് സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞു. യേശുവിന്റെ വീടാണിതെന്ന നിഗമനത്തിന് ഇത് ശക്തി വർദ്ധിപ്പിച്ചു.

ജോസഫ് ഒരു മരാശാരിയായാണ് അറിയപ്പെടുന്നതെങ്കിലും പുതിയ നിയമത്തിൽ, കെട്ടിടങ്ങൾപണിയുവാൻ കെല്പുള്ള ഒരു ശില്പിയാണെന്നും പറയുന്നുണ്ട്. വീടിന്റെ പൂമുഖത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് അനുമാനം. അഞ്ച് വർഷത്തോളം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിൽ ഇത് ഒന്നാം നൂറ്റാണ്ടിലെ കെട്ടിടാവശിഷ്ടമാണെന്നതിനുള്ള തെളിവുകൾ ലഭിച്ചു. ഇതിന്റെ പരിസരത്തു നടത്തിയ ഉദ്ഖനനത്തിൽ നാലാം നൂറ്റാണ്ടിലേയും അഞ്ചാം നൂറ്റാണ്ടിലേയും പള്ളികളുടെ അവശിഷ്ടങ്ങളും ലഭിച്ചു. ഇതും അനുമാനത്തിന് ബലമേകുന്നു.

ഒരു യഥാർത്ഥ ശില്പിയാണ് ഈ വീടിന്റെ നിർമ്മിതിക്ക് പിന്നിലെന്നത് ഉറപ്പാണ്. പുതിയ നിയമത്തിൽ പറയുന്നതുപോലെ ശില്പകലാ വൈഭവമുള്ള ജോസഫ് തന്നെയായിരിക്കണം ഇത് പണിതിട്ടുണ്ടാവുക എന്നാണ് പ്രൊഫസർ പറയുന്നത്. മാത്രമല്ല, ഇത് നിർമ്മിച്ചയാൾക്ക് ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ച് നല്ല ജ്ഞാനവും ഉണ്ട്, ഈ സ്ഥലത്ത് നിലനിന്നിരുന്ന ഒരു പ്രാകൃതഗുഹയുടെ ഒരു ഭാഗം ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബി സി ആദ്യ നൂറ്റാണ്ടിന്റെ അവസാനത്തിലോ എ ഡി ആദ്യ നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയിരിക്കണം ഇത് നിർമ്മിച്ചിട്ടുണ്ടാവുക എന്നാണ് പ്രൊഫസർ ഡാർക്ക് പറയുന്നത്. ഇതിനടുത്തായി കണ്ടെത്തിയ ഗുഹാ ക്ഷേത്രം നിർമ്മിച്ചത് നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആകാം.ആധുനിക നസ്രേത്തിലെ ചർച്ച് ഓഫ് അനുൻസിയേഷന് സമീപത്തായിട്ടാണ് ഈ കെട്ടിടാവശിഷ്ടം കണ്ടെത്തിയ സിസ്റ്റേഴ്സ് ഓഫ് നസ്രേത്ത് കോൺവെന്റ് സ്ഥിതിചെയ്യുന്നത്.

മേരി ഗർഭിണിയാണെന്ന് മേരിയോട് മാലാഖ വെളിപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഗർഭിണിയാണെന്ന് വെളിപ്പെടുത്തുകയും യേശുവിന് ജന്മം നൽകുമെന്ന് പറയുകയും ചെയ്തിട്ട് മാലാഖ അപ്രത്യക്ഷമാവുകയായിരുന്നു.