കേരള രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉൾക്കൊള്ളാനാകാത്ത ഒരു അശ്ലീലപദമായി മാറിയിരിക്കുകയാണ് യഹൂദൻ എന്ന വാക്ക്. വെറുക്കപ്പെടേണ്ടവർ എന്ന വാക്കിന്റെ മറുരൂപമായി കൊട്ടിയാഘോഷിക്കപ്പെടുന്ന ഈ ജനതയ്ക്കുമുണ്ടോരു പലായനത്തിന്റെ കഥ. നൂറ്റാണ്ടുകൾക്ക് മുൻപല്ല, സഹസ്രാബ്ദങ്ങൾക്ക് മുൻപ് അരംഭിച്ച പലായനത്തിനൊടുവിൽ ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ചിലർ ചാർത്തിക്കൊടുത്ത പേരോ, കുടിയേറ്റം എന്നും. ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്തുന്നതിനു മുൻപേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കാലുകുത്തിയവരാണ് യഹൂദർ.

കേരളത്തിലേക്കുള്ള യഹൂദ കുടിയേറ്റം

ക്രിസ്തുവിനു മുൻപ് 722-ൽ അസ്സീറിയക്കാർ ഇസ്രയേൽ രാഷ്ട്രം കീഴടക്കിയപ്പോഴാണ് ആദ്യമായി യഹൂദർ ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്തത്. തൊഴിൽ പരമായി കച്ചവടക്കാരായിരുന്ന ഇവർക്ക് ഒരുപക്ഷേ അന്നത്തേ ലോകത്തിലെ തന്നെ പ്രമുഖ വ്യാപാരകേന്ദ്രമായ മുസ്രിസ് (ഇന്നത്തെ കൊടുങ്ങല്ലൂർ) നന്നായി അറിയുമായിരുന്നിരിക്കാം. അതുകൊണ്ടാകാം അവർ അവിടെത്തന്നെ വന്ന് കപ്പലിറങ്ങിയത്. കറുത്ത യഹൂദന്മാർ എന്നറിയപ്പെടുന്ന ഇവരുടെ പിൻഗാമികളിപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.

ഈ കുടിയേറ്റം പക്ഷെ ചരിത്രരേഖകളിലില്ല, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ യഹൂദകുടിയേറ്റം കേരളത്തിൽ നടക്കുന്നത് ക്രിസ്തുവിന് മുൻപ് 562-ലാണ്. യൂദായിൽ നിന്നുള്ള ഒരുപറ്റം വ്യാപാരികളായിരുന്നു ഈ യഹൂദ സംഘത്തിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ മാടായിയിൽ ആയിരുന്നു ഇവർ എത്തിയത്. പിന്നീടുണ്ടായ യഹൂദക്കുടിയേറ്റം നടക്കുന്നത് ക്രിസ്തുവിന് മുൻപ് 70-ൽ റോമാക്കാർ യഹൂദരുടെ രണ്ടാമത്തെ ദേവാലയം നശിപ്പിച്ചപ്പോഴായിരുന്നു. സെഫാർദിം എന്ന യഹൂദ ഗോത്രത്തിൽ പെട്ടവർ എത്തിച്ചേർന്നതുകൊച്ചിയിലായിരുന്നു. ഇവരാണ് മട്ടാഞ്ചേരിയിലെ സിനഗോഗ് (യഹൂദപ്പള്ളി) നിർമ്മിച്ചത്.

കറുത്ത യഹൂദരും വെളുത്ത യഹൂദരും

നേരത്തേ സൂചിപ്പിച്ച, അസ്സീറിയൻ ആക്രമണകാലത്ത് കേരളത്തിലെത്തിയ യഹൂദർ അധികവും ചേന്ദമംഗലം, പറവൂർ, മാള എന്നീ ഭാഗങ്ങളിലായാണ് താമസം ആരംഭിച്ചത്. അധികം വൈകാതെ പ്രദേശിക ജനതയുമായി ഇഴുകിച്ചേർന്ന ഇവർ യുദായ മലയാളം എന്നൊരു സങ്കരഭാഷയ്ക്ക് രൂപം നൽകുക വരെ ചെയ്തിരുന്നു. പറവൂർ, മാള, ചേന്ദമംഗലം, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളിൽ ഇപ്പോഴും യഹൂദ ദേവാലയങ്ങൾ കാണാം. ആരാധനയിൽ ഒരു നിശ്ചിത എണ്ണം പ്രായപൂർത്തിയായവർ പങ്കെടുക്കണമെന്ന് നിർബന്ധമുള്ളതിനാൽ ഇവയിൽ പലതിലുമിന്ന് ആരാധന നടക്കാറില്ല.

ഇതിൽ മട്ടാഞ്ചേരിയിലെ യഹൂദപ്പള്ളിയേക്കാൾ പഴക്കമുള്ളതായിരുന്നു കടവുംഭാഗം യഹൂദപ്പള്ളി. മട്ടാഞ്ചേരിയിലെ മരക്കടവിലായിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്. ഏകദേശം 800 പേർക്ക് വരെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ കഴിയുമായിരുന്ന ഇതിൽ ഹീബ്രു സ്‌കൂൾ, ഗേറ്റ്ഹൗസ് എന്നിവയും ഉണ്ടായിരുന്നു. അന്നൊക്കെ കൊച്ചീ രാജാവ് ഈ പള്ളിക്ക് മുന്നിലെ കടവിനടുത്തെത്തുമ്പോൾ ഈ പള്ളിയിലെ അൾത്താര തുറന്ന് വച്ച് രാജാവിന് ദർശനത്തിനുള്ള സൗകര്യം ഒരുക്കുമായിരുന്നത്രെ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇസ്രയേൽ രൂപീകൃതമായപ്പോൾ കേരളത്തിലെ ബഹുഭൂരിഭാഗം യഹൂദന്മാരും തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങി. ഇവിടങ്ങളിലെ കറുത്ത യഹൂദന്മാർ ഏതാണ് മുഴുവനുമായും നാടുവിട്ടതോടെ ഈ പള്ളിയിലെ പ്രാർത്ഥനകൾ മുടങ്ങി. പിന്നീട് പള്ളിയുടെ അകത്തുണ്ടായിരുന്ന സീലിങ്ങും, തൂണുകളും അൾത്താരയും കോണിപ്പടികളുമുൾപ്പടെയുള്ള സജ്ജീകരണങ്ങളൊക്കെ അഴിച്ചെടുത്ത് ജറുസലേമിലേക്ക് കൊണ്ടുപോയി.

ജറുസലേം മേയറായിരുന്ന ടെഡി കേലെക്കിന്റെ പ്രത്യേക ആഗ്രഹപ്രകാരം ഒരു ഇംഗ്ലീഷ് യഹൂദനായിരുന്നു ഇതെല്ലാം വിലയ്ക്ക് വാങ്ങി ജറുസലേമിൽ എത്തിച്ചത്. നിലവിൽ ജറുസലേമിലെ ഇസ്രയേൽ നാഷണൽ മ്യുസിയത്തിൽ കടവുംഭാഗം പള്ളി അതേ രൂപത്തിലും ഭാവത്തിലും നൂറുകണക്കിന് സന്ദർശകരെ ആകർഷിച്ച് നിലകൊള്ളുന്നു, ഒരിക്കൽ തങ്ങൾക്ക് അഭയമേകിയ കേരളത്തോട് ഒരിക്കലും തീരാത്ത കൃതജ്ഞതയുടേ പ്രതീകമായി.

യഹൂദശാസനം

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ യഹൂദന്മാർ എത്രയധികം സ്വാധീനംചെലുത്തിയിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് യഹൂദശാസനം അഥവാ യഹൂദപ്പട്ടയം. അന്നത്തെ കേരളത്തിന് വിദേശ നാണയം നേടിത്തന്നിരുന്നവരിൽ പ്രമുഖരായിരുന്നു യഹൂദന്മാർ. മാത്രമല്ല, അഭ്യന്തര വ്യാപാരരംഗത്തും അവർ ശോഭിച്ചിരുന്നു. അതിനുള്ള് അംഗീകാരമായി ജോസഫ് റബ്ബാൻ എന്ന യഹൂദ വ്യാപാരിക്ക് നികുതിയും മറ്റും പിരിച്ചെടുക്കാനുള്ളത് ഉൾപ്പടെ 72 അവകാശങ്ങൾ ഏ ഡി 1000-ൽ അന്ന് കേരളം ഭരിച്ചിരുന്ന ചേരവംശ ചക്രവർത്തി ഭാസ്‌കര രവി ഒന്നാമൻ എഴുതിക്കൊടുത്ത പട്ടയമാണ് യഹൂദശാസനം.

ജോസഫ് റബ്ബാനു പുറമേ അദ്ദേഹത്തിന്റെ മക്കളും മറ്റും ഈ ആനുകൂല്യങ്ങൾക്ക് അർഹരായിരുന്നു. കേരള ചക്രവർത്തി ഒപ്പുവച്ച ഈ ശാസനത്തിൽ അന്ന് കേരളത്തിലെ ഒട്ടുമിക്ക പ്രധാന നാടുവാഴികളും സാക്ഷികളായി ഒപ്പുവച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള വേറെയും ചില യഹൂദശാസനങ്ങൾ ചേന്ദമംഗലം, പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് അന്നത്തെ കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളിൽ യഹൂദന്മാർക്ക് ഉണ്ടായിരുന്ന അവഗണിക്കാനാവാത്ത സ്വാധീനവും സ്ഥാനവുംതന്നെയാണ്.

റൂബി ദാനിയേലും യഹൂദപെൺപാട്ടുകളും

കേരളത്തിലെത്തി സ്ഥിരതാമസമാക്കിയ യഹൂദന്മാർ ഇവിടത്തെ കാലാവസ്ഥയോടും സംസ്‌കാരത്തോടും ഇഴുകിച്ചേർന്നിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യൂദായ മലയാളമെന്ന സങ്കരഭാഷ. ഹീബ്രുവിനൊപ്പം മലയാളവും കൂട്ടിച്ചേർത്ത് പ്രാദേശികമായ ആശയവിനിമയങ്ങൾക്കായി രൂപപ്പെടുത്തിയ ഈ ഭാഷയിൽ നിരവധി ഗാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനിമയാർന്ന താളങ്ങൾക്കൊപ്പിച്ചുള്ള ഇത്തരം ഗാനങ്ങൾ യഹൂദപ്പാട്ടുകൾ എന്നറിയപ്പെടുന്നു. യഹൂദ വംശജയായ കേരളീയ വനിത റൂബി ദാനിയൽ ഇവയുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.

1912-ൽ കൊച്ചിയിലെ ഫെറി ബോട്ടിലെ ടിക്കറ്റ് വിൽപനക്കാരനായിരുന്ന ഏലിയാഹു ദാനിയലിന്റെ മകളായിട്ടായിരുന്നു ഇവർ ജനിച്ചത്. ലീജാഫത്ത് എന്നായിരുന്നു അമ്മയുടെ പേര്. എറണാകുളത്തെ പ്രശസ്തമായ സെന്റ് തെരേസാസ് കോൺവെന്റിലും, സെന്റ് തെരേസാസ് കോളേജിലുമായി പഠനം പൂർത്തിയാക്കിയ ഇവർ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നേവിയിലെ ആദ്യ മലയാളി വനിതയും ഇവർ തന്നെ.

യഹൂദപെൺപാട്ടുകളുടെ ഒരു ശേഖരം പിന്നീട് ഇവർ ഇറക്കുകയുണ്ടായി. പല യഹൂദ സമൂഹങ്ങളിലും അന്ന് പുരുഷ സദസ്സുകളിൽ സ്ത്രീകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവകാശം ഉണ്ടായിരുന്നില്ലെങ്കിലും, കേരളീയ യഹൂദ സമൂഹത്തിൽ ആ വിലക്കുണ്ടായിരുന്നില്ല എന്നാണ് ചരിത്രകാരന്മാർപറയുന്നത്. അന്നത്തെ കേരളീയ സാമൂഹ്യ സാഹചര്യങ്ങളും യഹൂദന്മാരുടെ ജീവിത ശൈലിയുമൊക്കെ പ്രതിഫലിക്കുന്നതാണ് യഹൂദ പെൺപാട്ടുകൾ. കൊച്ചി മുസരീസ് ബിനാലെയിലൂടെ പ്രശസ്തമായ '' തട്ടുമെ കേറാനൊരു ഏണിവച്ചു, തങ്കമാർ ചെന്നിരിപ്പാൻ....'' എന്ന വരികൾ ഇത്തരത്തിലുള്ള ഒരു യഹൂദ പെൺപാട്ടിലേതാണ്.

യഹൂദരിലെ വർണ്ണവിവേചനവും യഹൂദഗാന്ധിയും

ആദ്യകാലങ്ങളിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദർ മലബാറി യഹൂദന്മാരെന്നും കറുത്ത യഹൂദന്മാരെന്നും അറിയപ്പെട്ടപ്പോൾ, പിൽക്കാലത്ത് യൂറോപ്പിൽ നിന്നും എത്തിയവർ പരദേശി യഹൂദന്മാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. യഹൂദമതത്തിൽ ജാതിവ്യവസ്ഥയില്ലെങ്കിൽ പോലും, വർണ്ണവെറി വെളുപ്പിനെ മഹത്വ വത്ക്കരിച്ചപ്പോൾകേരളത്തിലെ യഹൂദന്മാർക്കിടയിൽ വേർതിരിവുണ്ടായി. കറുത്ത യഹൂദന്മാർ നിർമ്മിച്ച കടവുംഭാഗം പള്ളിയിൽ പരദേശി യഹൂദർ പ്രാർത്ഥനയ്ക്ക് എത്തില്ല. അവർക്കായി പ്രത്യേകം നിർമ്മിച്ച പള്ളിയാണ് ഇന്ന് മട്ടാഞ്ചേരിയിലുള്ള യഹൂദപ്പള്ളി.

ഇവിടെ ആരാധനയ്ക്കായി കറുത്ത യഹൂദന്മാർ എത്തിയാലും അവർക്ക് പ്രവേശനം ഇല്ലായിരുന്നു. ഇടയ്ക്ക് കൂട്ടത്തോടെ കറുത്ത യഹൂദന്മാർ പള്ളിക്കുള്ളിലേക്ക് ഇടിച്ചുകയറിയപ്പോൾ വെളുത്തവർ ഇറങ്ങിപ്പോവുകയായിരുന്നു. എത്രധനികനും പ്രമാണിയുമായിരുന്നാൽ പോലും ഒരു കറുത്ത യഹൂദന് വെളുത്ത യഹൂദസ്ത്രീയെ വിവാഹം കഴിക്കാൻ ആവുമായിരുന്നില്ല. ഇതിനെതിരെ ടെൽ അവീവിൽ നിന്നു തന്നെ ഉത്തരവിറങ്ങിയെങ്കിലും വെളുത്ത യഹൂദന്മാർ അത് അനുസരിക്കാൻ തയ്യാറായിരുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത യഹൂദന്മാർക്ക് വേണ്ടി പോരാടാനിറങ്ങിയ യഹൂദ നേതാവായിരുന്നു എബ്രഹാം ബറാക്ക് സലേം എന്ന അഭിഭാഷകൻ. യഹൂദമതത്തിൽ അനുശാസിക്കാത്ത വർണ്ണവിവേചനത്തിനെതിരെ മട്ടാഞ്ചേരി പള്ളിയുടെ മുന്നിൽ സത്യാഗ്രഹമിരുന്നതോടെയാണ് അദ്ദേഹം യഹൂദഗാന്ധി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട്, കൊച്ചീ രാജാക്കന്മാർ അനുവദിച്ചിരുന്ന അസംബ്ലി സീറ്റ് ജനകീയ സർക്കാർ എടുത്തുകളഞ്ഞപ്പോൾ അദ്ദേഹം അസംബ്ലിക്ക് മുന്നിലും സത്യാഗ്രഹമിരുന്നിരുന്നു.

എറണാകുളത്തെ ഇന്നത്തെ രാജേന്ദ്ര മൈതാനത്ത് അന്ന് ഒരു ചെറിയ കുന്നുപോലുള്ള ഉയരം കൂടിയ പ്രദേശത്ത് ലോകകാര്യങ്ങൾ സംസാരിക്കുവാനായി അദ്ദേഹം എന്നും വൈകിട്ട് എത്തുമായിരുന്നു. നിരവധി ശ്രോതാക്കളും അദ്ദേഹത്തിനുണ്ടാവുമായിരുന്നു. ഇസ്രയേലിലേക്കുള്ള യഹൂദരുടെ മടക്കയാത്രയെ ആദ്യമാദ്യം നിരുത്സാഹപ്പെടുത്തുകയായിരുന്നു സലേം ചെയ്തത്. പിന്നീട്, കേരളത്തിലെ കറുത്ത യഹൂദർ അനുഭവിക്കുന്ന അവഗണന മനസ്സിലാക്കിയ അദ്ദേഹം മടക്കയാത്രയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. രാജാജിയുടെ സഹപാഠി കൂടിയായിരുന്ന ഇദ്ദേഹത്തെ രാജാജി അന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചപ്പോൾ, കൊച്ചി വിട്ടുപോകാനുള്ള മടികൊണ്ട് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

യഹൂദൻ വെറുക്കപ്പെട്ടവനാകുന്നു

യഹൂദരുടെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങിയതോടെ ലോകത്തിന്റെ പലഭാഗങ്ങളിലും അവർ അനഭിമതരാകാൻ തുടങ്ങി. ഒരുപക്ഷെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സംഖ്യ ഇല്ലാതെപോയതിനാലാകണം, സ്വതന്ത്ര്യ ഇന്ത്യയുംഇസ്രയേലിനെതിരായ നിലപാടാണ് എടുത്തിരുന്നത്. 1947-ൽ ഫലസ്തീൻ വിഭജനത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ വോട്ടുചെയ്ത ഇന്ത്യ 1949-ൽ ഇസ്രയേലിനെ യു എൻ അംഗമാക്കുന്നതിനെതിരെയും വോട്ടുചെയ്തിരുന്നു. പിന്നീട് 1950-ലാണ് ഇസ്രയേലിനെ ഔദ്യോഗികമായി ഇന്ത്യ അംഗീകരിക്കുന്നത്.

രാഷ്ട്രീയ സമവാക്യങ്ങളിലെ സംഖ്യകൾ അനുകൂലമാക്കുവാൻ മതരാഷ്ട്രീയവും ഉപകരണമായപ്പോൾ കേരളത്തിലുംയഹൂദന്മാർ വെറുക്കപ്പെട്ടവരായി. ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രശസ്ത നോവലിസ്റ്റായ സേതു ഒരു പ്രമുഖ വാരികയിൽ പങ്കുവച്ച ഒരു ഓർമ്മക്കുറിപ്പ് ഇതിന് അടിവരയിടുന്നു. മുസരിസ് തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ മറുപിറവി എന്ന നോവലാണ് ചർച്ചാവിഷയം. കേരളത്തിലെ ഒരു ഇടത്തരം നഗരത്തിലെ വായനശാലയിലാണ് ചർച്ച നടക്കുന്നത്.

രണ്ടുമൂന്നുപേർ വേദിയിലെത്തി നോവലിനെ നിശിതമായി വിമർശിക്കുന്നു, നോവലിന്റെ പ്രമേയമോ, രചനാശൈലിയോ ഒന്നുമല്ല വിഷയം. അതിൽ രണ്ട് അദ്ധ്യായങ്ങളോളം മുസിരിസിലുണ്ടായിരുന്ന യഹൂദന്മാരുടെ കഥപറയാൻ നീക്കി വച്ചു എന്നതായിരുന്നത്രെ അവർ നോവലിൽ കണ്ട കുറ്റം. അന്ന് ഫലസ്തീൻ പ്രശ്നം നീറിപ്പുകയുന്ന സമയം. അന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ വീണ്ടും പുനർജ്ജനിച്ചിരിക്കുന്നത്.

ഫലസ്തീനികളെപ്പോലെ ഒരിക്കൽ യഹൂദന്മാർക്കും അവകാശപ്പെട്ടതു തന്നെയായിരുന്നു ആ മണ്ണ്. പലായനത്തിനും കുടിയിറക്കിനും മതവ്യത്യാസങ്ങൾ ഇല്ലെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. കുടിയിറക്കപ്പെടുന്നവന്റെ വേദന എവിടെയും എന്നും ഒരുപോലെയാണ്, അത് ഫലസ്തീനി ആയാലും യഹൂദൻ ആയാലും.