ന്യൂഡൽഹി: കന്യാസ്ത്രീകൾക്ക് നേരെ ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്ത് മതത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുകയാണെന്ന് രൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിൽ ആരോപിച്ചു. സുരക്ഷയ്ക്കായി സന്യാസിനികൾ സന്യാസ വസ്ത്രം വരെ മാറേണ്ട അവസ്ഥ ഉണ്ടായെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.

നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാൻസി റെയിൽവേ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പി പ്രവർത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.

'രാജ്യത്ത് മതത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഝാൻസി ആക്രമണം ക്രൈസ്തവ പീഡനപരമ്പരയിലെ ഒടുവിലത്തെ സംഭവമാണ്. ഝാൻസിയിൽ പൊലീസും ആക്രമികളെ പിന്തുണച്ചു. സുരക്ഷയ്ക്കായി സന്യാസിനികൾക്ക് സന്യാസ വസ്ത്രം വരെ മാറേണ്ട അവസ്ഥയുണ്ടായി. രാജ്യത്ത് മത തീവ്രവാദികൾക്ക് നിഗൂഢ പിന്തുണ ലഭിക്കുന്നു,' ജോസഫ് പെരുന്തോട്ടം പറഞ്ഞു.

മാർച്ച് 19നാണ് ഡൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേർക്കെതിരെ ട്രെയ്‌നിൽ വെച്ചും പിന്നീട് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ചും സംഘപരിവാർ ആക്രമണമുണ്ടായത്. ഒഡിഷയിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാർത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡൽഹിയിൽ നിന്നും വരികയായിരുന്നു. വിദ്യാർത്ഥികൾ സാധാരണ വസ്ത്രവും കന്യാസ്ത്രീകൾ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.

ഝാൻസി എത്താറായപ്പോൾ ട്രെയ്‌നിലെ ചിലർ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാൻ തുടങ്ങുകയായിരുന്നു. വിദ്യാർത്ഥിനികളെ കന്യാസ്ത്രീകൾ മതംമാറ്റാൻ ശ്രമിക്കുകയാണമെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങൾ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞെങ്കിലും ഇവർ അംഗീകരിച്ചില്ല.

ജയ് ശ്രീരാം, ജയ് ഹനുമാൻ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതൽ പേരെത്തുകയായിരുന്നു. ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാർത്ഥികളോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സ്റ്റേഷനിൽ നൂറ്റമ്പതോളം ബജ്‌റംഗ് ദൾ പ്രവർത്തകരെത്തിയിരുന്നുവെന്ന് കന്യാസ്ത്രീകൾ പറയുന്നു.

ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാർ കാർഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനിൽ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകൾ പറയുന്നു.

ശനിയാഴ്ചയാണ് പിന്നീട് ഇവർ യാത്ര തുടർന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

ഉത്തർപ്രദേശിൽ മലയാളി കന്യാസ്ത്രീയടക്കമുള്ളവർക്ക് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലുണ്ടായ ആക്രമണം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ആരോപിച്ചിരുന്നു.