തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രി നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെ ആറ് ഡോക്ടർമാർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആരോഗ്യ മന്ത്രിയുടെ ആശുപത്രി സന്ദർശന സമയത്ത് ഡ്യൂട്ടിയിലില്ലാത്തവർ കാരണം കാണിക്കണമെന്നാണ് ആവശ്യം. മന്ത്രിയുടെ സന്ദർശന വേളയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് സൂപ്രണ്ട് പറയുന്നു. എന്നാൽ എട്ട് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്നാണ് കെജിഎംഒഎയുടെ അവകാശവാദം.

അതേസമയം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യമന്ത്രിയുടെ പരസ്യവിചാരണയ്‌ക്കെതിരെ വിമർശനവുമായി ഇൻഫോ ക്ലിനിക് സഹ സ്ഥാപകൻ ജിനേഷ് പി എസ് രംഗത്ത് എത്തി. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്‌ന പരിഹാരമാവില്ലെന്ന് ജിനേഷ് വിമർശിച്ചു. ഫോസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ജിനേഷ് പിഎസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആരോഗ്യമന്ത്രി വീണ ജോർജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ പരസ്യവിചാരണ കാണുകയായിരുന്നു. നിരവധി പേർ മരുന്ന് ഇല്ലാത്തതിനെ കുറിച്ച് മന്ത്രിയോട് പരാതി പറയുന്നുണ്ട്. മരുന്നുകൾ കാരുണ്യ ഫാർമസിയിൽ നിന്നും ആശുപത്രി വാങ്ങി നൽകണമെന്നാണ് മന്ത്രി സൂപ്രണ്ടിനോട് പറയുന്നത്. കാരുണ്യ ഫാർമസിയിൽ പല മരുന്നുകളും ഇല്ല എന്നും സപ്ലൈ ഔട്ടാണ് എന്നും സൂപ്രണ്ട് പറയുന്നുണ്ട്. അതൊന്നും മന്ത്രി ശ്രദ്ധിക്കുന്നില്ല. ഹെയ്ച്ച് എം സി ഫണ്ടിൽ നിന്ന് വാങ്ങിക്കൊടുക്കാനാണ് മന്ത്രി പറയുന്നത്.

ഇത് പ്രായോഗികമാണോ? ആശുപത്രിയിൽ വരുന്ന രോഗികൾക്ക് എല്ലാം H M C ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നൽകേണ്ട അവസ്ഥ വന്നാൽ മറ്റ് അത്യാവശ്യങ്ങൾ വരുമ്പോൾ പ്രയാസമാവില്ലേ? സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾ പറഞ്ഞു ഈ വിവരം അറിയുകയും ചെയ്യാം. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ? എപ്പോഴും പറയാറുള്ള ഒരു കാര്യം തന്നെ ചേർക്കുന്നു.

ഒരു വിഷയം പരിഹരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ ഒരു പ്രശ്‌നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. പ്രശ്‌നമുണ്ട് എന്ന് അംഗീകരിച്ചാൽ പോംവഴികൾ തിരക്കാൻ സാധിക്കും. അതേസമയം മരുന്ന് ക്ഷാമം ഇല്ല എന്നാണ് മന്ത്രി കരുതുന്നതെങ്കിൽ ആ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഓരോ വിഷയവും കൃത്യമായി എസ്‌കലേറ്റ് ചെയ്ത് പരിഹാരം കാണുകയാണ് അഭികാമ്യം. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് അതൊന്നും പോര.

പിന്നെ ഡോക്ടർമാരോടും ഫാർമസിസ്റ്റുമാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. മരുന്ന് ഇല്ലാതെ വന്നാൽ H M C ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ചു കൊടുക്കുക. ചിലപ്പോൾ സിസ്റ്റം തകരാറിലാകുമായിരിക്കാം. പക്ഷേ, തെറിവിളി കേൾക്കാതിരിക്കാൻ അത് സഹായിക്കും. പരസ്യവിചാരണങ്ങൾക്ക് കൈയടിക്കുന്ന ജനങ്ങൾ ഉള്ള നാട്ടിൽ അതാണ് സേഫ്.

ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യമന്ത്രി ഡോക്ടർമാരെ കുറ്റക്കാരാക്കുന്നു എന്നാണ് കെ.ജിഎംഒഎയുടെ ആരോപണം. തിരുവല്ലയിൽ മന്ത്രി നടത്തിയത് ജനക്കൂട്ട വിചാരണയാണെന്നും ആരോഗ്യമന്ത്രിയുടെ പ്രവൃത്തി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണെന്നും കെ.ജിഎംഒഎ കുറ്റപ്പെടുത്തിയിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. ആ സമയത്ത് രണ്ട് ഒ.പികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി സൂപ്രണ്ട് അജയ് മോഹനെ മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനെ മന്ത്രി പൊതുജനങ്ങൾക്കിടയിൽ വെച്ച് അവഹേളിച്ചെന്നാരോപിച്ച് കെഎജിഎംഒയെ ഇന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിക്കുകയാണ്.