മസ്‌കത്ത്: സ്‌പോൺസർമാർക്കു കീഴിലല്ലാതെ ജോലി എടുക്കുന്ന വിദേശ തൊഴിലാളികളെ കുടുക്കുന്ന പുതിയ നിയമവുമായി ഒമാനിൽ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് നിരവധി പേർ സ്‌പോൺസർമാർക്കു കീഴിലല്ലാതെ ജോലി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചു നൽകാൻ സാധിക്കില്ലെന്നും ഇത്തരക്കാരെ പിടികൂടി ഒരു മാസം തടവും 800 റിയാൽ പിഴയും ശിക്ഷയായി നൽകുമെന്നുമാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രവേശന വിലക്ക് നൽകിക്കൊണ്ട് രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യും.

തൊഴിൽ പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നവർക്കും സമാന ശിക്ഷയാണ് ലഭിക്കുക. തന്റെ കീഴിലുള്ള വിദേശ തൊഴിലാളിയെ മറ്റൊരാൾക്ക് കീഴിൽ ജോലിയെടുക്കാൻ അനുവദിക്കുന്ന തൊഴിലുടമയ്ക്കും തടവും പിഴയും ശിക്ഷയായി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു മാസം തടവും ആയിരം റിയാൽ പിഴയുമാണ് ഇവർക്കു ശിക്ഷയായി ലഭിക്കുക. നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് തടവുശിക്ഷയും വർധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നിരവധി വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാത്തതുമായ സാഹചര്യങ്ങളുണ്ട്. അതിനാൽ, നിലവിലുള്ള സ്‌പോൺസറിൽ നിന്ന് മാറി ജോലി ചെയ്ത് ചെലവിനുള്ള തുക കണ്ടെത്തുന്നവരുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് എന്നാണ് വിലയിരുത്തൽ.