തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു.

സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ ഗവർണറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു, ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നൽകിയതായും ഉദ്യോഗാർഥികൾ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല. മധ്യസ്ഥത്തിന് ഡിവൈഎഫ്ഐ എത്തിയപ്പോൾ സ്വീകരിച്ചത് അതിനാലാണ്. ഗവർണറുമായി ചർച്ച നടത്താൻ ശോഭാ സുരേന്ദ്രൻ ഒരു അവസരമുണ്ടാക്കിയപ്പോൾ അത് പ്രയോജനപ്പെടുത്തിയതും അതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ അടിയന്തര ഇടപെടലിന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സിപിഎം. പ്രതിപക്ഷം രാഷ്ട്രീയ ദുരുപയോഗം നടത്തുന്നത് ഒഴിവാക്കാൻ മന്ത്രിതല ചർച്ചയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്കായി വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സർക്കാർ നിയമനവുമായി ബന്ധപ്പെട്ട് ഇതുവരെ കൈക്കൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തണമെന്നാണ് നിർദ്ദേശം.

ഉദ്യോഗാർഥികളുമായി ചർച്ച നടത്തില്ലെന്ന തീരുമാനം തെറ്റിധാരണയുണ്ടാക്കും. പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. ചർച്ച നടത്തേണ്ട മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. സിപിഎം സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാർ തയാറാകുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്. അതേസമയം, ചർച്ചയ്ക്കുള്ള സിപിഎം നീക്കത്തെ ഉദ്യോഗാർഥികൾ സ്വാഗതം ചെയ്തു. തീരുമാനം വൈകിയെങ്കിലും ഈ തീരുമാനം പ്രതീക്ഷയാണ്. അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്കുണ്ടെന്നും സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു.