ജെനിവ: ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ദീർഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കോവിഡ് മഹാമാരിയുടെ കാലത്ത് വർദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നൽകുന്നു.

ദീർഘ നേരം ജോലി ചെയ്യുന്നതിന്റെ ഫലമായി 2016ൽ 7,45,000 പേർ മരണപ്പെട്ടതായി 'എൻവയോൺമെന്റ് ഇന്റർനാഷണൽ' എന്ന ജോണലിൽ വന്ന ലേഖനത്തിൽ പറയുന്നു. ഇവർക്ക് ബാധിക്കുന്ന രോഗങ്ങളിൽ മുന്നിൽ ഉണ്ടായിരുന്നത് ഹൃദയാഘാതവും പക്ഷാഘാതവുമാണ് എന്നും പഠനം പറയുന്നു.

2000ൽ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാൾ 30 ശതമാനം കൂടുതലാണ് 2016ൽ രേഖപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും ചേർന്നാണ് ഈ പഠനം നടത്തിയത്. ഇത്തരത്തിൽ കൂടുതൽ ആരോഗ്യ പ്രശ്നമുണ്ടാകുന്നവരിൽ മുന്നിൽ ഉള്ളത് പുരുഷന്മാരാണ് (72 ശതമാനം) എന്നും പഠനം പറയുന്നു.

'ആഴ്ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ട് ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്'- ലോകാരോഗ്യ സംഘടന പരിസ്ഥിതി വിഭാഗം മേധാവി മരിയ നെയ്റ പറഞ്ഞു.