ലണ്ടൻ: വർഷങ്ങൾക്ക് മുൻപ് ന്യുയോർക്കിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഫിലിപ്പ് രാജകുമാരൻ പറഞ്ഞ ഒരു കാര്യമുണ്ട്. വിദേശികൾക്ക് ബ്രിട്ടൻ എന്നാൽ സ്മരണകളുടെ തീരമാണ്. ചരിത്രാവശിഷ്ടങ്ങൾക്കിടയിലൂടെ അലസമായി നടന്നുനീങ്ങാൻ കഴിയുന്ന ഒരു പുരാതന രാജ്യമാണ്. എന്നാൽ, ഗോത്രവർഗ്ഗക്കാർ മധുപാനം നടത്തി വിലസിനടക്കുന്ന ഒരു നാടല്ല ബ്രിട്ടൻ, സൈനികർ എന്നും ആഡംബര വസ്ത്രങ്ങളണിഞ്ഞ് ആചാര പരേഡ് നടത്തുന്നയിടവുമല്ല. പക്ഷെ, തന്റെ ആദ്യ സന്ദർശനത്തിനുശേഷം ഫിലിപ്പ് രാജകുമാരന്റെ ഈ വാക്കുകളോട് വിയോജിക്കുവാനായിരിക്കും ജോ ബൈഡൻ ഇഷ്ടപ്പെടുക.

കാരണം, ആധുനിക സൗകര്യങ്ങൾ ആവോളം ഉപയോഗിക്കുമ്പോഴും ഈ യാത്രയൈൽ അമേരിക്കൻ പ്രസിഡണ്ടും പ്രഥമ വനിതയും ഏറെ ആസ്വദിച്ചതും അനുഭവിച്ചതും പൗരാണിക ബ്രിട്ടന്റെ സ്പർശനമായിരുന്നു. ജി 7 ഉച്ചകോടിക്കായി കോൺവെല്ലിൽ എത്തിയപ്പോൾ ആഡംബരവസ്ത്രമണിഞ്ഞ സൈനികർ സ്വാഗതം അരുളിയതു മുതൽ തുടങ്ങുന്നു പൗരാണിക ബ്രിട്ടന്റെ സാന്നിദ്ധ്യം. മാത്രമല്ല, വാരാന്ത്യത്തിൽ ഇവർക്ക് ആതിഥേയത്വമരുളിയ ട്രെഗെന്ന ഹോട്ടൽ അതിപുരാതനമായ ഒരു കോട്ടയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മധു നുകർന്ന് ബ്രിട്ടന്റെ തനത് രുചിയുള്ള മത്സ്യവിഭവങ്ങളും ആസ്വദിച്ചശേഷം ഇന്നലെ ഉച്ച തിരിഞ്ഞ് വിൻഡസർ കൊട്ടാരത്തിൽ രാജ്ഞിയോടൊപ്പം ചായസത്ക്കാരത്തിൽ പങ്കെടുക്കാൻ ജോ ബൈഡനും പത്നിയും യാത്രയായി. അവിടേയും അവരെ സ്വാഗതം ചെയ്തത് പരമ്പരാഗത ആഡംബര വസ്ത്രമണിഞ്ഞ സൈനികർ തന്നെയായിരുന്നു. ബൈഡനും ഭാര്യയും ഇതെല്ലാം ശരിക്കും ആസ്വദിക്കുന്നുമുണ്ടായിരുന്നു.

കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ബ്രിട്ടനിലെ ഏറ്റവും നല്ല കാര്യങ്ങളെല്ലാം ആസ്വദിക്കാൻ കഴിഞ്ഞ ഈ യാത്രയിൽ ജി 7 ഉച്ചകോടിയും ഭംഗിയായി സമാപിച്ചത് ബൈഡന് കൂടുതൽ സന്തോഷമേകുന്ന കാര്യമാണ്. നേരത്തെ കോൺവെല്ലിൽ ജി 7 നേതാക്കൾക്കായി രാജ്ഞിയൊരുക്കിയ വിരുന്നിൽ വെച്ചുതന്നെ ബൈഡനും ജില്ലും രാജ്ഞിയുമായി സംവേദിച്ചിരുന്നു. എന്നാൽ, ഇന്നലത്തെ കൂടിക്കാഴ്‌ച്ച ഇവർ മൂന്നുപേർ മാത്രമുള്ളതായിരുന്നു.

കോൺവെല്ലിൽ നിന്നും ഹീത്രൂവിലേക്ക് എയർഫോഴ്സ് വണ്ണിൽ എത്തിയ ബൈഡനും പത്നിയും പിന്നെ മറൈൻ ഹെലികോപ്റ്ററിലായിരുന്നു വിൻഡ്സർ ഹോം പാർക്കിലേക്ക് പോയത്. അവിടേ നിന്നും അതിഥികളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ രാജ്ഞി തന്റെ ഏറ്റവും നല്ല റേഞ്ച് റോവർ തന്നെ അയച്ചിരുന്നു. കൊട്ടാരത്തിൽ എത്തിയ ജോ ബൈഡന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന ചായ സത്ക്കാരത്തിനു ശേഷ്ം ബൈഡൻ രാജ്ഞിയെ അമേരിക്കയിലേക്ക് സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്തു.