തിരുവനന്തപുരം: കോവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് ജോൺ ബ്രിട്ടാസ്. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികൾ വാക്സിൻ ചലഞ്ചിനായി ഇതിനോടകം സംഭാവന നൽകിയിട്ടുണ്ട്. വാക്സിൻ ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വാക്‌സിൻ സംബന്ധിച്ച കേന്ദ്രനയത്തിനെതിരായ പ്രതിഷേധമായും ഇതിനെ ഉയർത്തിക്കൊണ്ടു വരുന്നുണ്ട്.

കൈരളി ടിവിയുടെ എംഡിയായ ജോൺ ബ്രിട്ടാസ് നിയുക്ത രാജ്യസഭാ എംപിയാണ്. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ബ്രിട്ടാസ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായാണ് ബ്രിട്ടാസ് അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളുടെയും 100 കേരളീയരുടെയും കോവിഡ് വാക്സിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ജസ്റ്റിസ് വി കെ മോഹനനും പിന്തുണ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ വില വർധിപ്പിച്ചിട്ടും സൗജന്യമായി വാക്സിൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്തുണയുമായി നടക്കുന്ന വാക്സിൻ ചലഞ്ചിൽ പങ്കാളിയായാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻ ശനിയാഴ്ച 83,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്.

നാലു കുടുംബാംഗങ്ങൾക്കുള്ള വാക്സിനുവേണ്ട 3200 രൂപയും 100 കേരളീയർക്കായി 80,000 രൂപയും ചേർത്ത് 83,200 രൂപ നൽകി. തന്റെ കുടുംബാംഗങ്ങൾക്കുമാത്രമല്ല, 100 കേരളീയർക്കും വാക്സിനുള്ള തുകയാണിതെന്ന് പ്രത്യേകം പരാമർശിച്ചാണ് ജസ്റ്റിസ് വി കെ മോഹനൻ പണം നൽകിയത്. സംസ്ഥാന പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാൻകൂടിയാണ് ജസ്റ്റിസ് വി കെ മോഹനൻ.