കൊച്ചി: സിപിഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ പ്രശംസിച്ച് രാജ്യസഭാ ചെയർപേർസൺ വെങ്കയ്യ നായിഡു. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെയാണ് വെങ്കയ്യ നായിഡു പ്രശംസിച്ചത്. പൊതു ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായി നായിഡുവിന്റെ പ്രശംസ. ആ വീഡിയോ വൈറലാകുകയാണ്.

ഹൈകോർട്ട് ആൻഡ് സുപ്രീംകോർട്ട് ജഡ്ജസ് (സാലറീസ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവിസ് ) ബില്ലിന്മേൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗമാണ് വെങ്കയ്യ നായിഡുവിനെ ആഘർഷിച്ചത്. മികച്ച പ്രസംഗമാണ് ജോൺ ബ്രിട്ടാസ് നടത്തിയത് എന്ന് കേരളീയം വി കെ മാധവൻകുട്ടി പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കവെ വെങ്കയ്യ നായിഡു പറഞ്ഞു.

'ഞാൻ വളരെ താല്പര്യത്തോടെയാണ് ജോൺ ബ്രിട്ടാസിന്റെ പ്രസംഗം കേട്ടത്. മികച്ച പ്രസംഗം ആയിരുന്നു അത്. എന്നാൽ അടുത്ത ദിവസം മാധ്യമങ്ങളിൽ ഞാൻ അത് സംബന്ധിച്ച വാർത്ത തിരഞ്ഞപ്പോൾ നിരാശ ആയിരുന്നു ഫലം.' വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളിൽ ആ വാർത്ത വന്നോ എന്ന് അറിയില്ലെന്നും നായിഡു പറഞ്ഞു.

മാധ്യമങ്ങൾ എം പിമാരുടെ മികച്ച പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത് സഭയിൽ മികച്ച പ്രസംഗങ്ങൾ ഉണ്ടാകാൻ ഉപകാരപ്പെടും. പത്രങ്ങളിൽ വാർത്ത കണ്ടില്ലെന്ന നിരാശ എംപിയെ വ്യക്തിപരമായി വിളിച്ച് താൻ പങ്കു വച്ചു എന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ജോൺ ബ്രിട്ടാസും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകൾ ഇന്നലെ അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയർമാൻ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാൻ വിചാരിച്ചില്ല-ഇതാണ് ബ്രിട്ടാസ് നായിഡുവിന്റെ പ്രസംഗത്തെ കുറിച്ച് പ്രതികരിച്ചത്.

'ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള അംഗം ജോൺ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്...wonderful. ഞാൻ മുഴുവൻ കേട്ടു. വിമർശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം.-എന്നായിരുന്നു വെങ്കയ്യാനായിഡുവിന്റെ വാക്കുകൾ.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച മലയാളിയായിരുന്നു വികെ മാധവൻകുട്ടി. മാതൃഭൂമിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും ഭാഗമായ മാധവൻകുട്ടി ഡൽഹി രാഷ്ട്രീയത്തിലെ പല നിർണ്ണായക സംഭവങ്ങളും റിപ്പോർട്ട് ചെയ്തും രാഷ്ട്രീയ വിശകലനത്തിലൂടേയും ശ്രദ്ധേയനായ വ്യക്തിയാണ്.