തിരുവനന്തപുരം: മലയാളത്തിലെ താരങ്ങളും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. മകൾ സാറയുടെ പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് നടൻ ജോജു ജോർജ്ജ് ക്രിസ്മസ് ആശംസകൾ നേർന്നിരിക്കുന്നത്.

പൈതലാം യേശുവേ എന്ന് തുടങ്ങുന്ന ഗാനമാണ് സാറ പാടിയിരിക്കുന്നത്. സാറയുടെ പാട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നേരത്തെ ഉണരുമീ ഗാനം എന്ന പാട്ടും പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ഗാനവും സാറ പാടിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പ്രിയപ്പെട്ട എല്ലാവർക്കും ക്രിസ്മസ് ആശംസകൾ എന്നാണ് ജോജു ജോർജ്ജ് ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്.

സൺഫീർ. കെ സംവിധാനം ചെയ്യുന്ന പീസ് ആണ് ജോജു പുതുതായി അഭിനയിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ജോജുവിനോടൊപ്പം സിദ്ദീഖ്, ശാലു റഹിം, ആശാ ശരത്, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂൺ സിനിമയ്ക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം മധുരത്തിലും നടൻ ജോജു ജോർജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിങ്ങ് ആരംഭിച്ചത്.