കൊച്ചി: ഇന്ധന വില വർദ്ധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ ദേശീയ പാത ഉപരോധ സമരത്തിനിടെ ഉള്ള നടൻ ജോജുവിന്റെ പ്രതികരണം വെറും ഷോ എന്ന് ഒരു വിഭാഗം. ന്യായമെന്ന് മറുവിഭാഗം. എന്തായാലും ജോജു മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ കോൺഗ്രസിന്റെ വലിയൊരു ആരോപണം ചീറ്റി. മാത്രമല്ല, ഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ചിട്ട് തകർത്തതിനും സമാധാനം പറയണം. 80 ലക്ഷം മുതൽ 1.22 കോടി വരെയാണ് ഡിഫൻഡറിന്റെ ഇന്ത്യയിലെ വില.

വൈറ്റില- ഇടപ്പള്ള ദേശീയപാത തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തിനിടെയാണ് ജോജു ജോർജ് പ്രതിഷേധിച്ചത്. ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു. അതിനിടെ സമരക്കാർ ജോജുവിന്റെ കാറിന്റെ പിന്നിലെ ചില്ല് തല്ലിത്തകർത്തിരുന്നു. 'ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ' എന്നായിരുന്നു തകർന്ന ചില്ലു കാണിച്ച് മാധ്യമപ്രവർത്തകയോട് ജോജുവിന്റെ പ്രതികരണം.

ജോജുവിന നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സമരത്തിനിടെ വനിതാ പ്രവർത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ നടപടി. ആക്രമണത്തിനിടെ ജോജുവിന് പരുക്കേറ്റു.ജോജുവിന്റെ വാഹനം കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. ഒടുവിൽ സിഐ തന്നെ വാഹനത്തിൽ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജു തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അദ്ദേഹം സമരക്കാർക്കെതിരെ ചീറിപാഞ്ഞതുകൊണ്ടാണ്. മറ്റേതെങ്കിലും വാഹനം തല്ലി തകർത്തോ. പ്രതിഷേധക്കാർക്കെതിരെ അക്രമം കാട്ടിയ അക്രമിയുടെ കാർ തല്ലിതകർത്തെങ്കിൽ അത് ജനരോക്ഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ പ്രക്രിയയാണ്. അതിൽ എന്താണ് അത്ഭുതം.
നിങ്ങൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ചോദിക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ചു. വെറും ഒരു മണിക്കൂർ. ജോജു എന്ന ക്രിമിനലിനോട് സർക്കാർ പ്രതികരിക്കുന്നത് എങ്ങനെയെന്ന് നോക്കിയായിരിക്കും നാളത്തെ കാര്യം.

അതേസമയം, രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും ജോജു പറഞ്ഞു. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോർജ് ചോദിച്ചു. പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു.

കേരള ഹൈക്കോടതി വിധി പ്രകാരം പൂർണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനിൽക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയർത്തു കുളിച്ച് കുറേപേർ ഇരിക്കുന്നു. ഇതിനേ തുടർന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.

പ്രതിഷേധം കോൺഗ്രസ് പാർട്ടിയോടോ മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടോ അല്ല. റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളച്ചത് കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവർക്ക് എന്നെ തെറിവിളിക്കാം, ഇടിക്കാം. അപ്പനും അമ്മയും എന്ത് ചെയ്തു? അപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാൻ കാരണം അവിടെ നിന്ന് തെറി കേൾക്കേണ്ടിവന്നു. അതിനുശേഷം മദ്യപിച്ചിട്ടുണ്ടെന്ന് പരാതി നൽകി. ശരിയാണ് ഞാൻ മദ്യപിച്ചിരുന്നയാളാണ്. പക്ഷേ ഇപ്പോൾ മദ്യപിച്ചിട്ടില്ല.

അവിടെ കൂടിയവർക്ക് എതിരേ മാത്രമാണ് പറഞ്ഞത്. ഇത് ഒരുതരത്തിലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ടതില്ല. എന്റെ അമ്മ ഒരു കോൺഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായി ഉണ്ടായ പ്രശ്നമാണ്. അവർ ചെയ്തത് ശരിയല്ലെന്നതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സിനിമാ നടനാണ് എന്നത് വിടുക. സിനിമാ നടനാണ് എന്നതുകൊണ്ട് എനിക്ക് പറയാൻ പാടില്ലെന്നുന്നുണ്ടോ? ഞാൻ സഹികെട്ടിട്ടാണ് പറഞ്ഞത്. ഇത് രാഷ്ട്രീയവൽക്കരിക്കരുത്. ഇതിന്റെ പേരിൽ ഇനിയൊരു ചർച്ചയ്ക്ക് താല്പര്യമില്ല. എനിക്കിതൊരു ഷോ അല്ല.

സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. ഒരു കാര്യത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഉടൻ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ്. എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. ഇവരെയെല്ലാം പൊന്നുപോലെ നോക്കുന്നയാളാണ്. കേരളത്തിലെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. പെരുമാറിയെന്നാണ് അവർ പറയുന്നത്. ഒരു ചേച്ചിയൊക്കെ എന്റെ കാർ തല്ലിപ്പൊളിക്കുകയാണ്. അവർ ചിന്തിക്കണം അവരെന്താണ് ചെയ്യുന്നതെന്ന്.

ഞാൻ പെട്ടുപോയി. കള്ളുകുടിച്ചില്ലന്ന് തെളിയിക്കേണ്ടിവന്നു. ഇന്ധനവില വർധനവ് വലിയ പ്രശ്നമാണ്. ആ സമരരീതിയെ മാത്രമാണ് എതിർത്തത്. റോഡിൽ വണ്ടി നിർത്തിയിട്ട് അവർ സെൽഫി എടുക്കുകയാണ്. പൊലീസിനോട് ചോദിച്ചപ്പോൾ അവർ പറഞ്ഞാൽ പോലും കേൾക്കില്ലെന്നാണ് പറഞ്ഞത്. എന്ത് വ്യവസ്ഥയിലാണിത്. നല്ല പണികിട്ടി, നാണം കെട്ടു. തന്നെ ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനും വാഹനം തല്ലി തകർത്തതിനും പരാതി നൽകേണ്ടെ എന്നും ജോജു ചോദിച്ചു