പാല: പാലായിൽ തനിക്കെതിരെ ആര് മത്സരിച്ചാലും നേരിടാൻ തയ്യാറാണെന്ന് ജോസ് കെ മാണി. എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് ആവർത്തിച്ചു. മാണി സി കാപ്പന്റെ ജൂനിയർ മാൻഡ്രേക്ക് പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ കാപ്പന്റെ അതേ നാണയത്തിൽ പ്രതികരിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. കാപ്പന്റെ ആരോപണത്തിന് മറുപടി നൽകാൻ പാലായുടെ സംസ്‌കാരമോ കേരള കോൺഗ്രസിന്റെ സംസ്‌കാരമോ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായെ പാലാ ആക്കിമാറ്റിയത് കെഎം മാണിയാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുസർക്കാർ നടപ്പിലാക്കിവന്ന ബൃഹത്തായ പദ്ധതികളുടെ ഒരു ഭാഗം പാലായിൽ നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ പഴി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ സത്യമെന്താണ് എന്നൊക്കെ ജനങ്ങൾക്കറിയാം. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം ഒരു വ്യക്തിയുടെ തീരുമാനം മാത്രമാണ്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പഞ്ഞു.

ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ മാൻഡ്രേക്ക് പ്രതിമ പോലെയാണ് ജോസ് കെ മാണി എന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പൻ പരിഹസിച്ചിരുന്നു. സന്തോഷത്തോടെ മാണി സി കാപ്പനെ സ്വീകരിച്ചതോടെ എൽഡിഎഫിന്റെ കഷ്ടകാലം തുടങ്ങിയെന്നായിരുന്നു യുഡിഎഫ് പ്രവേശനവേളയിൽ കാപ്പന്റെ പരിഹാസം.