കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളാ കോൺഗ്രസ് ചെയർമാന് പുറമേ പാർലമെന്ററി പാർട്ടി നേതാവായും ജോസ് കെ.മാണി എംപിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

കമ്മിഷൻ അംഗീകാരം നൽകിയ 148 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 98 പേർ യോഗത്തിൽ പങ്കെടുത്തു. നേരത്തേ ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലനിൽക്കുന്ന സമയത്തു തന്നെ ജോസ് വിഭാഗത്തെ കേരള കോൺഗ്രസ് (എം) ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറങ്ങി. ഈ വിധിയിൽ പറയുന്നതനുസരിച്ച് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് തിരഞ്ഞെടുപ്പു നടത്തിയത്.

കെ.എം.മാണിയുടെ നിര്യാണ ശേഷം പാർട്ടി ചെയർമാനെ നിശ്ചയിക്കാൻ സംസ്ഥാന കമ്മിറ്റി യോഗം പി.ജെ.ജോസഫ് വിളിച്ചുചേർത്തിരുന്നില്ല. തുടർന്നാണ് ജോസ് വിഭാഗം യോഗം ചേർന്ന് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ ജോസഫ് പക്ഷം സ്റ്റേ വാങ്ങുകയായിരുന്നു.