കൊച്ചി: കേരള കോൺഗ്രസിൽ ചേരാൻ തയാറായി കോൺഗ്രസ് നേതാക്കൾ സമീപിച്ചുവെന്ന് ജോസ് കെ. മാണി. തീരെ പ്രതീക്ഷിക്കാത്ത കോൺഗ്രസുകാർ വരെ സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

പാർട്ടി കൂടുതൽ കേഡർ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എൽ ഡി എഫിൽ നിൽക്കുമ്പോൾ പാർട്ടിയിൽ നിന്ന് അണികൾ ചോരാതിരിക്കാൻ കേഡർ സ്വഭാവത്തിലേക്ക് മാറണമെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

പാലായിൽ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നതായും ജോസ് കെ. മാണി പറഞ്ഞു. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായിൽ തന്നെ മൽസരിക്കണമെന്നത്, താനെടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിത മണ്ഡലം തേടാൻ അടുപ്പമുള്ളവർ ഉപദേശിച്ചിരുന്നു. പാലാ മണ്ഡലം തനിക്ക് വിട്ടുനൽകിയാൽ മാണി സി. കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇത്തരത്തിൽ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എൽഡിഎഫ് ശൈലി.

മറ്റൊരിടത്തേക്കു മാറി മൽസരിക്കാൻ കാപ്പൻ തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചർച്ച നടത്തിയതിനെ തുടർന്നാണെന്നും ജോസ് കെ. മാണി പറഞ്ഞു.

പാർട്ടിയെ കേഡർ സ്വഭാവമുള്ളതാക്കി മാറ്റുന്നതിനും അണികൾ ചോർന്ന് പോകാതിരിക്കാനും സി പി എം, സിപിഐ മാതൃകയിൽ ലെവി സമ്പ്രദായത്തിന് തുടക്കം കുറിക്കൻ കേരള കോൺഗ്രസ് എം തയ്യാറെടുക്കുന്നതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.