ന്യൂഡൽഹി: ബെംഗളൂരു - മൈസൂരു തീവണ്ടിപ്പാതയിലെ സു​ഗമമായ യാത്രക്ക് സാക്ഷ്യം പറഞ്ഞ് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. പാതയുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ അതുവഴിയുള്ള യാത്ര തീർത്തും കുലുക്കമില്ലാത്തതായി മാറിയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇക്കാര്യം തെളിയിക്കാൻ ഒരു വീഡിയോയും ഗോയൽ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തീവണ്ടി അതിവേഗം സഞ്ചരിക്കുമ്പോഴും കോച്ചിലെ മേശപ്പുറത്തുവച്ച ഗ്ലാസിൽനിന്ന് ഒരുതുള്ളി വെള്ളംപോലും തുളുമ്പി പോകുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് റെയിൽവെ മന്ത്രി പുറത്തുവിട്ടിട്ടുള്ളത്.

ബെംഗളൂരു - മൈസൂരു പാതയിൽ നടത്തിയിട്ടുള്ള മികച്ച അറ്റകുറ്റപ്പണിയുടെ മേന്മയാണ് ഇതെന്നും എല്ലാവർക്കും ഇക്കാര്യം വീഡിയോ കണ്ടാൽ മനസിലാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 40 കോടിരൂപ ചിലവഴിച്ച് ആറു മാസംകൊണ്ടാണ് 130 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞു.