തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ വിമർശനവുമായി ചലച്ചിത്രതാരം ജോയ് മാത്യു. ഫേസ്‌ബുക്കിൽ താരം പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്ന കാര്യങ്ങളാണ് റിപ്പോർട്ടർ ചാനൽ വളച്ചൊടിച്ച് വാർത്തയാക്കിയത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ കാലഹരണപ്പെട്ട സമരമുറകളെ പറ്റിയായിരുന്നു അദ്ദേഹം ആ വീഡിയോയിൽ പറഞ്ഞത്. എന്നാൽ കോൺഗ്രസിനെതിരെ ജോയ് മാത്യുവിന്റെ പ്രതികരണം എന്ന നിലയിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓൺലൈൻ വാർത്ത നൽകിയത്്. അതിനെതിരെയാണ് ജോയ്മാത്യു രംഗത്തെത്തിയത്.

മാധ്യമപ്രവർത്തനം വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ്. എന്നാൽ വാർത്തകൾ വളച്ചൊടിച്ചും യാഥാർഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താൽപര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല, മറ്റൊരു പേരാണ് വിളിക്കുക എന്ന് ജോയ്മാത്യു പറഞ്ഞു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോർട്ടർ ചാനലെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ വിമർശനമുണ്ടായപ്പോൾ റിപ്പോർട്ടർ ചാനൽ അവരുടെ തലക്കെട്ട് ഉൾപ്പെടെ ധൃതിപിടിച്ച് തിരുത്തുകയായിരുന്നു. അതിന്റെ സ്‌ക്രീൻ ഷോട്ടും ജോയ് മാത്യു ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. തെറ്റ് തിരുത്തിയതിന് നന്ദിയും ജോയ് മാത്യു അറിയിച്ചു. എന്നാൽ റിപ്പോർട്ടർ ചാനലിനെയും ഉടമ നികേഷ് കുമാറിനെയും വിമർശിച്ച് കൊണ്ട് നിരവധിപേരാണ് ജോയ്മാത്യുവിന്റെ പോസ്റ്റിൽ കമന്റുകൾ ഇടുന്നത്.

റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിനെ പറ്റി മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഒളിവിലാണെന്ന് വാർത്ത നൽകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ റിപ്പോർട്ടർ ചാനലിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിക്കും തനിക്കുമെതിരെ നിരന്തരം വ്യാജവാർത്തകൾ ചാനൽ പ്രചരിപ്പിക്കുന്നതായി സുധാകരൻ പറഞ്ഞു.

എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ് ഇതുവരെയും നിയമനടപടികൾക്ക് മുതിരാത്തത്. വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

നിരന്തരമായി അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ പേരിൽ കെപിസിസി റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയക്കുകയും ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.

ആ സാഹചര്യത്തിലാണ് ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നപ്പോൾ തന്നെ വാർത്ത തിരുത്താൻ റിപ്പോർട്ടർ തയ്യാറായത്.