തിരുവനന്തപുരം: 78 കാരിയായ വയോധികയെ ഹെൽമറ്റ് കൊണ്ടും ചുമരിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത തിരുവല്ലം ചാൻബീവി കൊലക്കേസിൽ പ്രതിായ ബിരുദ വിദ്യാർത്ഥി അലക്‌സ് ഗോപന് ജാമ്യമില്ല. റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ബിജു. കെ. മേനോൻ തള്ളി.

കൃത്യത്തിൽ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വെളിവാകുന്ന തെളിവുകൾ കോടതി മുമ്പാകെയുള്ളതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ല. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ മരണത്തിന് തൊട്ടു മുമ്പ് വയോധികയുടെ ശരീരത്തിൽ ധാരാളം പരിക്കുകൾ ഏറ്റതിന്റെ അടയാളങ്ങളുണ്ട്. പ്രധാന പരിക്ക് തലയ്ക്കാണ് സംഭവിച്ചിട്ടുള്ളതായി കാണുന്നത്.

ഇത് ഹെൽമറ്റ് കൊണ്ട് പ്രതി ആക്രമിച്ചതായ പ്രോസിക്യൂഷൻ കേസുമായി റ്റാലി ആകുന്നുണ്ട്. ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ പ്രതി സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ പൊലീസ് മൊഴി വിചാരണയിൽ തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും പ്രതി ഒളിവിൽ പോകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതിയെ ലഭിക്കാത്ത സ്ഥിതി സംജാതമാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

2021 ജനുവരി 8 ന് പകൽ 12 നും 4.45 നും ഇടക്കാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. തിരുവല്ലം വണ്ടിത്തടം ദാറുൽ സലാം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 78 കാരിയായ ചാൻ ബീവിയാണ് കവർച്ചാ കൊലപാതകത്തിന് ഇരയായത്. വീട്ടിലെ വാല്യക്കാരന്റെ ചെറുമകനാണ് അലക്‌സ് ഗോപൻ. വാല്യക്കാരൻ - വീട്ടുടമാ ബന്ധം മുതലെടുത്ത അലക്‌സ് വയോധികയുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ചാൻ ബീവി പകൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് മനസിലാക്കിയ പ്രതി ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി. മുൻവശം വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതി വയോധികയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ വയോധിക '' മോനേ അലക്‌സേ ''' എന്ന് വിളിച്ചിട്ടും പ്രതി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം മാലയും വളകളും കവർച്ച ചെയ്ത് 4.45 ന് സ്ഥലം വിട്ടു. സ്വർണ്ണാഭരണങ്ങൾ കല്ലിയൂർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. ജനുവരി 13 ന് പിടിയിലായ അലക്‌സ് അന്നു മുതൽ റിമാന്റിൽ കഴിയുകയാണ്.