കൊച്ചി: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ രാത്രി വെള്ളംതുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന തമിഴ്‌നാടിന്റെ നീക്കത്തിൽ ശക്തമായി പ്രതികരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ. മുല്ലപ്പെരിയാറിൽ നടക്കുന്നത് ശുദ്ധ തോന്ന്യവാസമാണെന്നും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾ ദിവസങ്ങളായി ഉറക്കമില്ലാതെ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള നദീസരംക്ഷണസമിതിയുടെ നേതൃത്വത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ പ്രഫ. സീതാരാമൻ അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

അർധരാത്രി ഡാമുകൾ തുറന്നുവിട്ടാൽ ജനങ്ങൾ എന്തുചെയ്യണമെന്ന് അറിയാത്തവരാണ് നമ്മെ നയിക്കുന്നത്. ഡാമിൽ നിന്നും റൂട്ട്മാപ്പ് നോക്കിയല്ല ജലം ഒഴുകുന്നത്. വേലിയേറ്റവും വേലിയിറക്കവും എന്താണെന്ന് പോലും അറിയാത്തവരാണ് തീരുമാനമെടുക്കുന്നതും നമ്മെ ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിവിഭവങ്ങളെ കൂടുതൽ കരുതലോടെ ഉപയോഗിക്കാനുള്ള സംസ്‌ക്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നുംകൂട്ടിചേർത്തു. പ്രഥമ സീതാരാമൻ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ടി.വി ലേഖകൻ എസ്. ശ്യാംകുമാരിന് ജസ്റ്റിസ് ബി. കെമാൽപാഷ നൽകി.

കേരള നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു. പ്രഫ. എം.കെ പ്രസാദ് സീതാരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആഗോളതാപനം ഭൂമിക്ക് ഭീഷണിയാണെന്നും വൈകാതെ തെരവുകളിൽ ജ്യൂസ് പാർലറുകൾക്ക് പകരം ഒക്‌സിജൻ പാർലറുകൾ വരുമെന്ന് തെലുങ്കാന വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ വി. പ്രകാശ് റാവു പരഞ്ഞു. പീസ്ഫുൾ സൊസൈറ്റി സ്ഥാപകൻ കുമാർ കലാനന്ദമണി, നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ, പ്രഫ. ഗോപാലകൃഷ്ണമൂർത്തി, സി. രാജഗോപാൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി, കെ. രാജൻ പ്രസംഗിച്ചു.