ഒട്ടാവ: ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. കർഷകർക്ക് നേരേ നടക്കുന്ന അതിക്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിൻ ട്രൂഡോ, ഈ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടവുമായി സംസാരിക്കും എന്നും വ്യക്തമാക്കിയിരുന്നു. നിലപാടുകളിലൂടെ എന്നും ശ്രദ്ധേയനായ കനേഡിയൻ പ്രധാനമന്ത്രിയുടെ ആർജ്ജവവും സഹജീവി സ്നേ​​ഹവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ നിലപാടുകൾ അതിർത്തി ഭേദമില്ലാത്ത സ​ഹജീവി സ്നേഹമാണെന്ന് അദ്ദേഹം നേരത്തേ തന്നെ തെളിയിച്ചിരുന്നു. അത്തരം ഒരു സംഭവമാണ് ഇപ്പോൾ കാനഡയിലെ ഇന്ത്യൻ സമൂഹം ചൂണ്ടിക്കാട്ടുന്നത്. 1914ൽ നടന്ന കൊമഗത്ത മാരൂ സംഭവത്തിൽ 2016ൽ ജസ്റ്റിൻ ട്രൂഡോ മാപ്പ് പറഞ്ഞ സംഭവം തന്നെ അ​ദ്ദേഹത്തിന്റെ അതിരുകളില്ലാത്ത സ​ഹജീവി സ്നേഹത്തിന് ഉത്തമ ഉദാഹരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുടിയേറ്റക്കാരോടുള്ള കാനഡയുടെ നിലപാടിൽ വലിയ രീതിയിൽ മാറ്റമുണ്ടാകാൻ നിർണായക കാരണമായതുകൊമഗത്ത മാരു സംഭവമായിരുന്നു. 1908ൽ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം തടയുന്ന നിയമം പാസായിരുന്നു. കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാതിരിക്കേണ്ടത് ബ്രിട്ടീഷുകാരുടെ കൂടി ആവശ്യമായിരുന്നു. എന്നാൽ 1914ൽ ഹോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ ഗുർദിത്ത് സിങിന്റെ കപ്പലായ കൊമഗത്ത മാരുവിൽ 376 ഓളം ഇന്ത്യക്കാരാണ് കാനഡയിൽ എത്തിയത്.

ഇതിൽ ഭൂരിഭാഗം പേരും സിഖുകാരായിരുന്നു. സ്വന്തം ഗ്രാമം വിട്ട് രണ്ട് മാസത്തോളം യാത്ര ചെയ്ത് കാനഡയിലെത്തിയ ഇന്ത്യക്കാർക്ക് അന്നത്തെ കനേഡിയൻ അധികാരികൾ പ്രവേശനം നിഷേധിച്ചു. കൊമഗത്ത മാരുവിൽ കാനഡയിലെത്തിയവരിൽ 340 പേർ സിഖുകാരും 24 പേർ മുസ്‌ലിങ്ങളും, 12 പേർ ഹിന്ദു മതത്തിൽപ്പെട്ടവരുമായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ബ്രിട്ടീഷ് സേനയിൽ നിന്ന് വിരമിച്ചവരായിരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സേവനം അനുഷ്ഠിച്ചെത്തിയ ആളുകൾക്ക് കാനഡയിൽ പ്രവേശനം അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

അന്ന് കൊമഗത്ത മാരുവിലെത്തിയ യാത്രക്കാരിൽ 24 പേരെ മാത്രമേ കാനഡയിൽ പ്രവേശിപ്പിച്ചുള്ളൂ. ബാക്കിയുള്ള 352 പേരെയും തിരിച്ച് കൊൽക്കത്തയിലേക്ക് അയച്ചു. തിരിച്ച് മടങ്ങിയ ഇന്ത്യക്കാരിൽ 19 പേരെ ബ്രിട്ടീഷ് പട്ടാളക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. നിരവധിപേരെ ജയിലിലും അടച്ചു. 2016ലാണ് കനേഡിയൻ പാർലമെന്റൽ ജസ്റ്റിൻ ട്രൂഡോ കൊമാഗത്ത സംഭവത്തിൽ മാപ്പ് പറഞ്ഞത്. കയ്യടിച്ചാണ് പാർലമെന്റ് ട്രൂഡോയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവത്തെ ഏറ്റവും വലിയ നീതി നിഷേധമായാണ് ട്രൂഡോ പാർലമെന്റിൽ അവതരിപ്പിച്ചത്. അന്ന് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് അഭയം തേടിയെത്തിയവരോട് കാണിച്ചത് ചരിത്രപരമായ അനീതിയാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.

ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം​ഗത്തിനിടെ ആയിരുന്നു ട്രൂഡോ ഇന്ത്യയിലെ പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയത്. "കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിത്", ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

സംഭാഷണത്തിലും-ചർച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതിയിൽ തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിന് ഒന്നിലധികം മാർഗങ്ങളിലൂടെ ഇന്ത്യൻ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ‘ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. "നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങൾക്കറിയാം.," പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.