ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മൂന്നാം തവണയും അധികാരത്തിൽ കയറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 49കാരനായ ട്രൂഡോ വളരെ ചെറുപ്രായത്തിലാണ് കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നതും മൂന്നാം തവണയും ആ കസേരയിൽ അമരാൻ ഒരുങ്ങുന്നതും. പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതേസമയം 157 സീറ്റ് നേടിയ (ഫലം പ്രഖ്യാപിച്ചതും ലീഡ് ചെയ്യുന്നതും) പാർട്ടിക്ക് 338 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിനാവശ്യമായ 170 ൽ എത്താൻ കഴിഞ്ഞില്ല.

രണ്ട് വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിലും ഒന്ന കൂടുതലാണിത്. കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുണ്ട് (2019ലും 121), ന്യൂ ഡമോക്രാറ്റ്‌സ് 25 (24), ബ്ലോക്ക് ക്യുബക്കോയി 34 (32), ഗ്രീൻസ് 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില. ഇന്ത്യൻ വംശജനായ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡമോക്രാറ്റ്‌സിന്റെ പിന്തുണ ട്രൂഡോയ്ക്കു ലഭിച്ചേക്കും.
ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാരിന് ഭീഷണിയൊന്നുമില്ലായിരുന്നെങ്കിലും കോവിഡ് മഹാമാരിയെ നേരിട്ടതിലെ ജനപിന്തുണ മുതലാക്കാൻ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറാവുകയായിരുന്നു. എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

അതേസമയം വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ജസ്റ്റിൻ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൺസർവേറ്റീവ് എറിൻ ഒ ടൂളിൽനിന്ന് കടുത്ത മത്സരമാണ് ട്രൂഡോ നേരിട്ടത്. സർക്കാരിന് രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോൾ പെട്ടെന്ന് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ ജനങ്ങളും എതിർ പാർട്ടികളും ചോദ്യം ചെയ്തിരുന്നു.