ചെന്നൈ: ചില വാക്കുകൾക്ക് നമ്മൂടെ ജീവന്റെ തന്നെ വിലയാണ്. മരണക്കിടക്കയിൽ വച്ച് ഭർത്താവിന് കൊടുത്ത വാക്ക് നിറവേറ്റാൻ അസാധ്യമെന്നു തോന്നിയ പലതും സാധ്യമാക്കി ഒടുവിൽ എത്തിയത് കമ്മിഷൻഡ് ഓഫിസർ പദവിയിൽ.മൂന്നൂ വർഷം മൂൻപ് വീട്ടമ്മയായിരുന്നു ജ്യോതിയാണ് ഇന്ന സൈനീക യൂണിഫോമിൽ കമ്മിഷൻഡ് ഓഫിസർ ആയത്.കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിക് ദീപകിന്റെ ഭാര്യയാണ് ജ്യോതി.

ഏറ്റമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ദീപക് മരണക്കിടക്കയിൽ വച്ച് തന്റെ ഭാര്യയോട് ആവശ്യപ്പെട്ടത് ഒരെ ഒരു കാര്യം ഞാൻ ഇല്ലാതായാൽ നീ സൈന്യത്തിൽ ചേരണമെന്നാണ്.3 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ജ്യോതി നൈൻവാൾ ആ വാക്കു പാലിച്ചു. 40 ദിവസം ആശുപത്രിയിൽ കിടന്ന ദീപക് 2018 മേയിൽ വിടപറയുന്നതു വരെ വീടു മാത്രമായിരുന്നു തന്റെ ലോകമെന്നു ഡെറാഡൂൺ സ്വദേശിനി ജ്യോതി പറയുന്നു. എത്ര കഷ്ടപ്പെട്ടാലും ഭർത്താവിനു കൊടുത്ത വാക്കുപാലിക്കണമെന്ന് ഉറപ്പിച്ചു.

പ്രയാസമേറിയ എഴുത്തു പരീക്ഷയിലും അതിലേറെ കഠിനമായ കായിക പരീക്ഷയിലും 3 തവണ ചുവടു പതറി. നാലാം തവണ വിജയിച്ചു.സ്ത്രീകൾ ജോഗിങ് വേഷം ധരിക്കുന്നത് അംഗീകരിക്കാൻ മടിക്കുന്ന നാട്ടിൽ പുലർച്ചെ മൂന്നരയ്ക്കായിരുന്നു പരിശീലനം. ഇംഗ്ലിഷ് പഠിക്കാനും മാസങ്ങൾ ചെലവഴിച്ചു.3 തലമുറകളായി സൈനിക സേവനം ചെയ്യുന്ന നൈൻവാൾ കുടുംബത്തിൽനിന്ന് ആദ്യമായി കമ്മിഷൻഡ് ഓഫിസറാകുന്നതും ജ്യോതിയാണ്.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലന ശേഷമുള്ള പാസിങ് ഔട്ട് ചടങ്ങിൽ ജ്യോതി മാത്രമല്ല, മക്കൾ ലാവണ്യയും (11) റെയ്‌നാഷും (7) സൈനിക വേഷമണിഞ്ഞാണ് എത്തിയത്. 'അടിവച്ചടിവച്ചു മുന്നേറൂ, ഈ ജീവിതം ജന്മനാടിനു സ്വന്തം' എന്നർഥമുള്ള 'കദം കദം ബഢായേ ജാ...' എന്ന ഗാനം സൈനികർക്കൊപ്പം ലാവണ്യ ഉറക്കെപ്പാടി.'ലോകത്തിലെ ഏറ്റവും നല്ല അമ്മയെയാണ് എനിക്കു കിട്ടിയത്, ഞാനും പഠിച്ച് സൈന്യത്തിൽ ഡോക്ടറാകും' ലാവണ്യയുടെ വാക്കുകളിൽ നിറയുന്നത് അച്ഛൻ പകർന്നു നൽകിയ ധീരത തന്നെയാണ്‌