തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. 'ന്യൂനപക്ഷ വർഗീയതയെ ചെറുത്തു തോൽപ്പിക്കണമെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. കെ സുരേന്ദ്രനു വേണ്ടി എഴുതിയ പ്രസംഗം മാറി വിജയരാഘവന് നൽകിയതാണോ ?'. ജ്യോതികുമാർ ചാമക്കാല ട്വീറ്റിൽ കുറിച്ചു.

എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിജയരാഘവന്റെ വിവാദ പരാമർശം. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിർക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.