കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകത്തിലും പിടിമുറുക്കാൻ എ ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ശ്രമം. സംഘടനാ അഴിച്ചുപണിയിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനമുൾപ്പെടെയുള്ള താക്കോൽ സ്ഥാനങ്ങൾക്ക് അവകാശവാദം ഉന്നയിക്കുകയാണ് കെ സി വേണുഗോപാൽ ഗ്രൂപ്പ്. 'ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരൻ തയ്യാറാക്കിയ ലിസ്റ്റിൽ തന്റെ പക്ഷക്കാരനായ മാർട്ടിൻ ജോർജാണ് ഒന്നാം പേരുകാരൻ. എന്നാൽ ഇതംഗീകരിക്കാതെ തങ്ങളുടെ ഗ്രൂപ്പുകാരനായ തലശേരിയിലെ ഒരു നേതാവിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകണമെന്നാണ് കെ.സി വേണുഗോപാലും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നത്. സജീവ് മാറോളിയുടെ പേരാണ് കെ സി വിഭാഗം ഉയർത്തിക്കാട്ടുന്നത്.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ഗ്രുപ്പു സമവാക്യങ്ങൾ അപ്രസക്തമായെന്നാണ് വി.ഗ്രൂപ്പിന്റെ നിലപാട്. മാത്രമല്ല സംഘടനാ ബലത്തിൽ തങ്ങൾക്കാണ് മേൽക്കോയ്മയെന്നും ഇവർ അവകാശപ്പെടുന്നു. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ കണ്ണുരിൽ ഐ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നിശ്ചലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റ് നിഷേധിക്കപ്പെട്ട എ ഗ്രൂപ്പും സംഘടനാപരമായി ദുർബലമായി. ഈ അവസരം മുതലെടുത്താണ് കെ.സി വേണുഗോപാലിന്റെ ആശിർവാദത്തോടെ പാർട്ടി പിടിക്കാൻ വി ഗ്രൂപ്പ് കരുനീക്കങ്ങൾ തുടങ്ങിയത്.

കോൺഗ്രസിൽ നിന്നും ലഭിക്കുന്ന അണിയറ നീക്കങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനപ്രകാരം സുധാകരന്റെ തട്ടകമായ കണ്ണുരും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാർക്ക് നഷ്ടമാകുമെന്ന വിവരങ്ങളുണ്ട്. പാളയത്തിലെ പടയാണ് കെ.സുധാകരൻ ഗ്രുപ്പുകാരെ അലട്ടുന്ന മറ്റൊരു വിഷയം കയ്യാലപ്പുറത്തുള്ള തേങ്ങ പോലെ മറുകണ്ടം ചാടാനൊരുങ്ങുകയാണ് വിശാല ഐ വിഭാഗത്തിലെ പല നേതാക്കളും മാർട്ടിൻ ജോർജ് ഡി.സി.സി പ്രസിഡന്റാകുന്നതിനെ എതിർക്കുന്ന ശക്തമായ ഒരു വിഭാഗം സ്വന്തം ഗ്രുപ്പിൽ തന്നെയുണ്ട്. നേരത്തെ ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനിയെ കോൺഗ്രസിന് ഏറെ വിജയപ്രതീക്ഷയുള്ള കണ്ണുർ മണ്ഡലത്തിൽ നിന്നും വോട്ടു മറിച്ച് തോൽപ്പിച്ചതിനു ഒരു വിഭാഗം നേതാക്കളാണെന്ന് സൂചനകളുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിൽ ഈ നേതാവിനും കൂട്ടാളികൾക്കുമെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും കെ.സുധാകരന്റെ പിൻതുണയുള്ളതിനാൽ ഒന്നും നടന്നില്ല. ഇപ്പോൾ മാർട്ടിൻ ജോർജ് ഡി.സി.സി പ്രസിഡന്റാവുന്നതിനെതിരെയും കരുക്കൾ നീക്കുന്നത് ഈ നേതാവിന്റെ നേതൃത്വത്തിൽ നിന്നാണ്. ഡി.സി.സി പുനഃസംഘടനയിൽ അർഹമായ സ്ഥാനം കിട്ടാത്തവർ തങ്ങളുടെ ഗ്രൂപ്പിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് വി ഗ്രൂപ്പുകാർ. പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട എ വിഭാഗത്തിന്റെ പിൻതുണയും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഇരിക്കൂറിലെ ഒരു പ്രമുഖ നേതാവ് ഉൾപ്പെടെ ഇപ്പോൾ വി ഗ്രൂപ്പിലേക്ക് ചേരി മാറി കഴിഞ്ഞിട്ടുണ്ട്.

ഇരിക്കൂർ എംഎ‍ൽഎയായ സജീവ് ജോസഫിന്റെ വലം കൈയായാണ് ഈ നേതാവ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തങ്ങളുടെ കൈയിൽ നിന്നും ഇരിക്കൂർ സീറ്റ് വേണുഗോപാൽ വിഭാഗക്കാരനായ സജീവ് ജോസഫിന് പിടിച്ചെടുത്തു നൽകിയതിൽ വ്രണിത ഹൃദയരാണ് കണ്ണുർ ജില്ലയിലെ എ വിഭാഗം നേതാക്കൾ. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫിസ് താഴിട്ടുപൂട്ടി രാപ്പകൽ ഉപരോധസമരം നടത്തിയ എ ഗ്രൂപ്പ് നേതാക്കളെ സമാശ്വസിപ്പിക്കാനായി ഉമ്മൻ ചാണ്ടിയുടെ നേത്യത്വത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ സീറ്റു നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് വാഗ്ദ്ധാനമുണ്ടായിരുന്നുവെങ്കിലും പാലിക്കപ്പെടുമെന്ന പ്രതീക്ഷ എ ഗ്രൂപ്പിനില്ല.

കെ.സി ജോസഫ് ഇരിക്കൂറിൽ നിന്നും കോട്ടയത്തേക്ക് കുറു മാറിയതിനു ശേഷം ഏറെ ദുർബലമാണ് ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രവർത്തനം നിരാശരായ പ്രവർത്തകരും നേതാക്കളും തങ്ങളുടെ കൂടെ വരുമെന്ന പ്രതീക്ഷയിലാണ് വേണുഗോപാൽ ഗ്രൂപ്പുകാർ കെപിസിസി അധ്യക്ഷ പദവിയിലേക്ക് സുധാകരനെ അവസാന ഘട്ടത്തിൽ ഗത്യന്തരമില്ലാതെ പിൻതുണക്കേണ്ടി വന്നുവെങ്കിലും സുധാകരനും കെ.സി വേണുഗോപാലും ഉള്ളു കൊണ്ട് ഇപ്പോഴും അത്ര സുഖത്തിലല്ല. യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ തന്നെ കണ്ണുരിൽ നിന്നും നിലം തൊടാതെ പറപ്പിച്ചു വിട്ട സുധാകരൻ വാണിരുന്ന കണ്ണുരിൽ ആധിപത്യമുറപ്പിക്കുകയെന്നത് കെ.സിയെ സംബന്ധിച്ച് അഭിമാന പോരാട്ടങ്ങളിലൊന്നു കൂടിയാണ്.