തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ 'അസാന്നിദ്ധ്യം' സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാക്കി നടൻ ഹരീഷ് പേരടി. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആയി ഉയർന്നതിലുള്ള ആശങ്കകൾ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

മികച്ച കോവിഡ് പ്രതിരോധ മാർഗങ്ങളിലൂടെ ഒന്നാം തരംഗത്തിൽ പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ കേരളത്തിന്റെ ആരോഗ്യമേഖല രണ്ടാം തരംഗത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് കുറിപ്പ്.

'ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്‌കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി...ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്...നമ്മുടെ സ്‌കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്‌കൂളിനെ സ്‌നേഹിക്കുന്ന ഒരു വിദ്യാർത്ഥി..' എന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമായിരിക്കെ മികവുറ്റ മന്ത്രിയെന്ന പ്രശംസ പിടിച്ചുപറ്റിയിട്ടും ഭരണത്തുടർച്ചയിൽ കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമെന്നാണ് സിപിഎം നേതൃത്വം ഇതിന് വിശദീകരണം നൽകിയത്. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചും ഹരീഷ് പേരടി നേരത്തെ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ തിയറ്ററുകൾ തുറക്കാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ: കോളജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക... സ്വയം തിരുത്തുക... ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി ... ആത്മകഥകളിലെ ധീരന്മാരേ, ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക... സ്വയം ആസ്വദിക്കുക... സന്തോഷിക്കുക ...

എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ... പക്ഷേ കുടുംബം പോറ്റണം... അതിനുള്ള അവകാശമുണ്ട്... ഇങ്ങനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്... ഇന്നത്തെ ടിപിആർ-18.04 ശതമാനം... ലാൽ സലാം എന്നായിരുന്നു ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.