തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. കൊല്ലപ്പെട്ടരുടെ കൈയിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ എന്നാണു മുരളീധരന്റെ ചോദ്യം.

വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കും. കേസ് കോടതിയുടെ മേൽനോട്ടത്തിലോ സിബിഐയോ അന്വേഷിക്കണം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണു കൊലയിലെത്തിച്ചതെന്നും മുരളീധരൻ അവകാശപ്പെട്ടു.

വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെയാണ് അക്രമികൾ തടഞ്ഞു നിർത്തി വെട്ടിക്കൊന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാമൂട് കലുങ്കിന്മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഡിവൈഎഫ്‌ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. തുടർച്ചയായി സിപിഎം കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്മൂട്.