കണ്ണൂർ: വളപട്ടണത്ത് ഭീഷണി പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെയാണ് ഭീഷണി. മുസ്ലിം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഷാജി പറഞ്ഞു. ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂർ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം.

ഷാജിയുടെ വാക്കുകൾ ഇങ്ങനെ:

''അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് നിർത്തുക തന്നെ ചെയ്യും. അത് ഏതുകൊമ്പത്തവനായും. ഒരു സംശയവും നിങ്ങൾ വിചാരിക്കണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാർട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ ഒന്നും നോക്കുന്ന പ്രശ്‌നമൊന്നുമില്ല. ഒന്ന് ഉറപ്പിച്ച് പറയുന്നു, എന്റെ പേര് കെ.എം ഷാജി എന്നാണെങ്കിൽ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു.''

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പരാമർശം ഉള്ള നോട്ടീസുകൾ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാൽ ഈ ലഘുലേഖകൾ പൊലീസിന് മറ്റ് ചിലർ എത്തിച്ച് നൽകിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസിലും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് . ഈ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് കെ.എം ഷാജിയുടെ വിവാദ പ്രസംഗം.

ഇക്കുറി കെ എം ഷാജി അഴീക്കോട് സീറ്റിൽ മത്സരിക്കില്ലെന്നാണ് തീരമാനിച്ചിരിക്കുന്നത്. അഴീക്കോട്, കണ്ണൂർ സീറ്റുകൾ വച്ചുമാറണമെന്ന നിർദ്ദേശം അനൗദ്യോഗികമായി ലീഗ് കോൺഗ്രസിനു മുന്നിൽ വെച്ചെങ്കിലും അതിന് കോൺഗ്രസ് വഴങ്ങിയില്ല. ഇതോടെ ഷാജി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചേക്കും.

തിരഞ്ഞെടുപ്പു വിജയം കേസുകൾക്കും ആരോപണങ്ങൾക്കുമെതിരായ മറുപടിയാകുമെന്നതിനാൽ സുരക്ഷിത മണ്ഡലത്തിൽ ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണു ലീഗിലുള്ളത്. ഷാജിയുടെ സ്ഥാനാർത്ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസർകോട്ട് ലീഗ് മത്സരിക്കുന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം.

2006 ൽ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011 ൽ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ൽ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയർത്തി. കടുത്ത പോരാട്ടത്തിലൂടെയാണു 2 തവണയും മണ്ഡലം പിടിച്ചതെന്നും ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിക്കേ ഇനി ഇവിടെ വിജയിക്കാനാകൂവെന്നുമാണു ലീഗ് വാദം. 2014 ലും 19 ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ കെ.സുധാകരൻ ലീഡ് നേടിയിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിനു കൂടുതൽ സ്വാധീനമുള്ള കണ്ണൂർ മണ്ഡലത്തിൽ ലീഗ് മത്സരിക്കുകയും കോൺഗ്രസ് അഴീക്കോട്ട് മത്സരിക്കുകയും ചെയ്താൽ ഇരു മണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്നാണു ലീഗിന്റെ ഫോർമുല. എന്നാൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വീണ്ടും മത്സരിക്കാനിടയുള്ള കണ്ണൂർ വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. 2016 ൽ നിന്നു വ്യത്യസ്തമായി പാച്ചേനിക്കുള്ള സ്വീകാര്യതയും കോർപറേഷനിൽ യുഡിഎഫ് നേടിയ വിജയവും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. മാറ്റം സാധ്യമായില്ലെങ്കിൽ അഴീക്കോട്ട് ലീഗിന്റെ പുതിയ സ്ഥാനാർത്ഥി വരും. എങ്കിൽ ഉറച്ച മണ്ഡലമായ കാസർകോട്ടേക്കാകും ഷാജി നിയോഗിക്കപ്പെടുക.