മലപ്പുറം: മുസ്‌ലിംലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായ പ്രകടനവുമായി കെ.എം ഷാജി.ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്ലിം ലിഗിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലുടെയായിരുന്നു പ്രതികരണം.
ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം കുറിക്കുന്നു.

ഷാജിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.

ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്.ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം.

എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.

അദ്ദേഹം കുറിച്ചു.ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച വിഷയത്തിൽ നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരുന്നു.