കണ്ണൂർ: കണ്ണൂരിൽ സിപിഎം നേടിയ ഏറ്റവും വലിയ തിളക്കമേറിയ വിജയങ്ങളിലൊന്ന് കെ.എം ഷാജിയെ തളച്ചതാണ്. വയനാടൻ ചുരം കയറി അഴീക്കോട്ടെത്തിയ ഷാജി അത്രമേൽ തലവേദനയാണ് കണ്ണൂരിലെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും സൃഷ്ടിച്ചത്. കഴിഞ്ഞ നിയമസഭയിൽ ചാട്ടുളി പ്രയോഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചവരിൽ മുൻപൻ ഷാജി യായിരുത്തു.

വളരെ തന്ത്രപരമായി അനധികൃത സ്വത്തു സമ്പാദന കേസിലും ആഡംബര വീട് നിർമ്മാണത്തിലും വിജിലൻസ് കേസിലുൾപ്പെടുത്തി സി.പി എമ്മിനും സർക്കാരിനും ഷാജിയെ ഒതുക്കാൻ കഴിഞ്ഞുവെങ്കിലും ഷാജിയും അടങ്ങി നിൽക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അഴീക്കോട് ഹൈസ്‌കുളിന് പ്‌ളസ്ടു സീറ്റ് അനുവദിച്ചു കൊടുത്തതിന്റെ പേരിൽ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും കോഴ വാങ്ങിയ സംഭവം സ്വന്തം പാർട്ടിക്കാർ തന്നെ കുത്തി പുറത്തു കൊണ്ടുവന്നതോടെ ഷാജി ചരിത്രത്തിലില്ലാത്ത പ്രതിരോധത്തിലുമായി. സാഹചര്യം പന്തിയല്ലെന്ന് കണ്ട് മഞ്ചേശ്വരത്തോ മലപ്പുറത്തോ മത്സരിക്കാൻ ഷാജി ശ്രമിച്ചുവെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന പി.കെ കുഞ്ഞാലിക്കുട്ടി തടയിടുകയായിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ അഴീക്കോട് തന്നെ മത്സരിക്കാൻ ഷാജി നിർബന്ധിതനാവുകയായിരുന്നു. എന്തിനും ഏതിനും തുണയായി കെ.സുധാകരൻ നേതൃത്വം നൽകുന്ന കോൺഗ്രസും യൂത്ത് ലീഗിലെ വലിയൊരു വിഭാഗവും ഒപ്പമുണ്ടായിരുന്നു. സകല ചാനലുകളിലെ ഒപ്പീനിയൻ പോളും എക്‌സിറ്റ് പോളും അഴീക്കോട് ഷാജി ജയിക്കുമെന്ന് വിലയിരുത്തിയ വേളയിലാണ് ഷാജി മുവായിരത്തിലേറെ വോട്ടിന് നവാഗതനായ സിപിഎമ്മിലെ കെ.വി സുമേഷിന് മുന്നിൽ അടിമറിഞ്ഞു പോയത്. മണ്ഡലത്തിൽ താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചു ഷാജി നടത്തിയ കാടിളക്കിയ പ്രചാരണം വിവാദങ്ങൾക്ക് അപ്പുറത്തേക്ക് പോയി വോട്ടായി മാറിയില്ലെന്നതാണ് യാഥാർത്ഥ്യം.

സ്വന്തം പാർട്ടിയിൽ നിന്നു പോലും ഇക്കുറി ഷാജിക്ക് വോട്ടു വീണില്ലെന്ന് വോട്ടിങ് കണക്കുകൾ വ്യക്തമാക്കുമ്പോൾ വിരൽ ചൂണ്ടേത് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലേക്ക് തന്നെയാണ്. എന്നാൽ മറുവശത്താകട്ടെ സിപിഎം വ്യക്തമായ ഗെയിം പ്‌ളാനോടു കൂടി തന്നെയാണ് കളിച്ചത്. നെഗറ്റീവ് ഇമേജ് തീരെയില്ലാത്ത കെ.വി.സുമേഷിനെ സ്ഥാനാർത്ഥിയാക്കുക വഴി സ്വന്തം പാർട്ടിയിലെ അടിയൊഴുക്ക് തടയാനായി മാത്രമല്ല അഴീക്കോട്ടെ പ്രബല സമുദായമായ വാണിയ വിഭാഗത്തിന്റെ പിൻതുണയും സുമേഷിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ നേടിയെടുക്കാൻ അവർക്കായി.

നേരത്തെ മണ്ഡലത്തിൽ എംഎ‍ൽഎയായിരുന്ന എം.പ്രകാശനും അണികളുടെ ആവേശമായ പി.ജയരാജനും പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തതോടെ ഇക്കുറി സിപിഎം പാർട്ടി മെഷിനറിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനും അവർക്ക് കഴിഞ്ഞു. ഇതു കൂടാതെ മുസ്ലിം ലീഗിലെ പ്രാദേശിക നേതൃത്വത്തിന്റെയും ചില ജില്ലാ നേതാക്കളുടെയും അതുപ്തി കരിനിഴൽ പോലെ വീണതോടെ ഷാജിയുടെ പതനം കുറിക്കുകയായിരുന്നു. പോസ്റ്റൽ വോട്ട് എണ്ണിയതിനു ശേഷം ഒരിക്കൽ പോലും മണ്ഡലത്തിൽ ഷാജിക്ക് ലീഡുയർത്താൻ കഴിയാഞ്ഞതോടെ അഴികോടിന്റെ ചിത്രം ഇക്കുറിചുവയ്ക്കുകയായിരുന്നു.