കോഴിക്കോട്: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഗവർണറുടെ പ്രതികരണം ദൗർഭാഗ്യകരമെന്ന് കെ. മുരളീധരൻ എംപി. വിഷയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് കേന്ദ്രത്തെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണറുടെ ഇന്നത്തെ ശൈലി സെക്കുലർ ശൈലിയല്ല. ഒരു ആർഎസ്എസ് ശൈലിയിലേക്ക് ഗവർണർ പൂർണമായി മാറി. ചില ഉന്നത സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഗവർണർ ഇങ്ങനെ ചെയ്യുന്നതെന്ന സംസാരമുണ്ട്. പക്ഷേ അതിനുവേണ്ടി ഒരു മനുഷ്യൻ ഇത്രയും ചീപ്പാകരുതെന്നും മുരളീധരൻ പറഞ്ഞു.

ഗവർണർ പണ്ട് കോൺഗ്രസിനേയും ജനതാ ദളിനേയും പ്രതിനിധീകരിച്ച് മന്ത്രിയായ ആളാണ്. പിന്നെ ബി.എസ്‌പിയിൽ പോകുകയും അവസാനം ബിജെപിയിലെത്തി ഗവർണറാകുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹം തീരുന്നില്ല. അതിനുവേണ്ടി പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഗവർണർ പ്രസ്താവന നടത്തുന്നത് നിർഭാഗ്യകരമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ബംഗാൾ ഗവർണറെ കവച്ചുവെക്കുന്ന രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് ഗവർണറുടേത്. ഒരു നാട്ടിലും മാനേജ്മെന്റിന് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകരുത്. യൂണിഫോമിൽ ഭരണഘടനാവകാശം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. മുസ്ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.