തിരുവനന്തപുരം: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും പോസ്റ്ററുകളും പാർട്ടി മുഖവിലക്കെടുക്കില്ലെന്ന് കെ മുരളീധരൻ എംപി. നേരിട്ട് പറയാൻ ധൈര്യമില്ലാത്ത ഇരുട്ടിന്റെ സന്തതികളാണ് പോസ്റ്റർ പ്രതിഷേധം നടത്തുന്നത്. ഡിസിസി അധ്യക്ഷപട്ടികയിൽ ഉൾപ്പെട്ട പാലോട് രവിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

'ഡിസിസി അധ്യക്ഷ പട്ടിക ചർച്ച ചെയ്താണ് തയ്യാറാക്കിയത്. പുനഃസംഘടന നീണ്ടിട്ടില്ല, പട്ടികയിൽ തർക്കമില്ല. പട്ടിക ഇന്ന് വരും എന്നാണ് പ്രതീക്ഷ. പ്രതിഷേധങ്ങളും പോസ്റ്ററുകളും പാർട്ടി വില നൽകുന്നില്ല.പോസ്റ്റർ പ്രതിഷേധം ഇരുട്ടിന്റെ സന്തതികൾ നടത്തുന്നത്.' കെ മുരളീധരൻ പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു ഡിസിസി സാധ്യതാപട്ടികയിൽ ഉൾപ്പെട്ട പാലോട് രവിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി ആർഎസ്എസ് ആണോ കോൺഗ്രസുകാരനാണോയെന്ന ചോദ്യമുയർത്തുന്നതാണ് പോസ്റ്ററുകൾ. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പാലോട് രവിയാണ് പരിഗണനയിൽ.