കോഴിക്കോട്: കോൺഗ്രസിലെ പുനഃസംഘടന ഇനിയും നീളരുതെന്ന് കെ മുരളീധരൻ എംപി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാൽ കോൺഗ്രസ് കേരളത്തിൽ സംപൂജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന് എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടന നീളരുത്. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. സെമി കേഡർ സംവിധാനത്തിൽ പോയാലേ പാർട്ടി മെച്ചപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന് അതൃപ്തിയുണ്ടെങ്കിൽ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്തു പോകില്ലെന്നാണ് പ്രതീക്ഷ. പാർട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരൻ പറഞ്ഞു.