കോഴിക്കോട്: നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയത് വഴി പിണറായിസത്തിന്റെ ഭീകരമുഖമാണ് വ്യക്തമായതെന്ന് കെ. മുരളീധരൻ എംപി. കേന്ദ്ര സർക്കാറിനെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നടപടി. എതിർ അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തിയും കേസെടുത്തും നിശബ്ദരാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു.

എണ്ണ വില വർധനവിനെതിരായ വികാരം രാജ്യത്ത് വ്യാപകമായ കാലഘട്ടമാണ്. കേന്ദ്ര സർക്കാറിനെതിരെയാണ് ഒന്നാം തീയതി സമരം നടത്തിയത്. തിങ്കളാഴ്ച നടത്തിയ സമരം കേരള സർക്കാറിന് എതിരെയും. കേന്ദ്രത്തിന്റെ കൊള്ളയുടെ പങ്കുപറ്റിയവരാണ് സംസ്ഥാന സർക്കാരെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

തങ്ങൾക്കെതിരെ സമരം ചെയ്യാൻ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. ഇതിന്റെ കൂടെ കേന്ദ്ര സർക്കാറിനെ സംസ്ഥാനം സന്തോഷിക്കുകയും ചെയ്യുന്നു. സർക്കാർ നീക്കത്തെ കോൺഗ്രസ് ശക്തമായി നേരിടുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

നടൻ ജോജു ജോർജിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാമെന്നും കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ വളരെ അസ്വസ്ഥരാണെന്നും, പ്രതിഷേധമുണ്ടായാൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ കെ.മുരളീധരൻ പറഞ്ഞത്.

'സാധാരണക്കാർക്ക് വേണ്ടി സമരം ചെയ്യുമ്പോൾ, അവിടെ ഗതാഗതം തടസപ്പെടുത്താൻ പാടില്ല. സിനിമാഷൂട്ടിങിന് ഗതാഗതം തടസപ്പെടുത്താമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ലല്ലോ. ഞങ്ങളാരും സിനിമാതാരങ്ങൾക്ക് എതിരല്ല. കലാകാരന്മാരെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. പക്ഷെ ആ സിനിമാ നടൻ കാണിച്ച പ്രവർത്തി അംഗീകരിക്കാനാകില്ല. അദ്ദേഹം പങ്കെടുക്കുന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധങ്ങൾ ഉണ്ടായെന്ന് വരാം. അതിന് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. കാരണം പ്രവർത്തകർ വളരെ അസ്വസ്ഥരാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്തുകൊണ്ട് സംഭവിച്ചുവെന്ന് നാളെ ഞങ്ങളോട് ചോദിക്കണ്ട.'

കോൺഗ്രസ് സമരത്തിന് ജോജു നല്ല പബ്ലിസിറ്റിയുണ്ടാക്കി തന്നിട്ടുണ്ടെന്ന് പ്രതികരിച്ച മുരളീധരൻ, ജോജുവിന്റെ വണ്ടിയുടെ ചില്ലിന് ഇത്രയേറെ വിലയുണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും പരിഹസിച്ചു. കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞാൽ കുഴപ്പമില്ല, ട്രെയിനിന് കല്ലെറിഞ്ഞാൽ കുഴപ്പമില്ല, പക്ഷെ സിനിമാ നടന്റെ കാറിന്റെ ഒരു ഗ്ലാസിന് പോലും കേട് പറ്റാൻ പാടില്ല. ഇന്ന് ഒരുകോടിയുടെ കാർ മാത്രമാണ് പൊതുസ്വത്തായി ഉള്ളത്. ആ അവസ്ഥയിലേക്കെത്തി മാർക്സിസ്റ്റ് പാർട്ടി. അതാണ് പറഞ്ഞത് പിണറായിസമാണ് ഇപ്പോൾ കേരളത്തിൽ എന്ന്.

ചക്രസ്തംഭന സമരത്തോട് ജനങ്ങൾ എല്ലാവരും സഹകരിച്ചുവെന്നും കെ.മുരളീധരൻ അവകാശപ്പെട്ടു. 'സമരം വിജയിച്ചതിന്റെ കാരണം ജനങ്ങൾ നൽകിയ പിന്തുണയാണ്. രണ്ട് മണിക്കൂർ കിടന്നാലും കുഴപ്പമില്ല, ഇതിന്റെ വില കുറഞ്ഞാൽ മതിയെന്നാണ് അവരിൽ പലരും പറഞ്ഞത്.' സംഘടനാതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് പരസ്യപ്രതികരണത്തിനില്ലെന്നായിരുന്നു കെ.മുരളീധരൻ പറഞ്ഞത്.