തിരുവനന്തപുരം: പിഡബ്ല്യുസിയുടെ കെ ഫോൺ പദ്ധതിയിലെ കരാർ പുതുക്കില്ല. വിവാദങ്ങൾ കണക്കിലെടുത്താണ് ഇത്. സ്വപ്‌നാ സുരേഷിന് സ്‌പെയ്‌സ് പാർക്കിൽ ജോലി കിട്ടിയത് പിഡബ്ല്യുസിയുടെ ശുപാർശ പ്രകാരമാണ്. ഇത് സർക്കാരിന് തലവേദനയുമായി. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. കെ ഫോണിൽ പിഡബ്യുസിയുടെ 2 വർഷത്തെ കരാർ 30 ന് അവസാനിക്കും. പദ്ധതി നീളുമെന്നതിനാൽ കരാർ പുതുക്കാനിരുന്നതാണെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അത് ഉണ്ടാകില്ലെന്നാണ് ഐടി വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശിവശങ്കറാണ് പിഡബ്ല്യുസിക്ക് പിന്നിലുണ്ടായിരുന്നത് എന്ന ആരോപണവും ശക്തമാണ്. ഈ ഇടപാടുകളെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കെ ഫോണിൽ വിവാദങ്ങളെ തുർന്ന് പിഡബ്ല്യുസിയെ വിലക്കണമെന്ന ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശ നിയമ വകുപ്പ് വെട്ടിയിരുന്നു. കാലാവധി കഴിയുംവരെ തുടരാൻ പിഡബ്ല്യുസിയെ അനുവദിച്ചത് ഇതെത്തുടർന്നാണ്. സ്വപ്നയുടെ നിയമനം എം.ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന കാര്യം പുറത്തുവന്നശേഷം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സർക്കാർ നീക്കം.

കെ ഫോണിൽ കാലാവധി കഴിയുന്നതോടെ പകരം സംവിധാനത്തിനുള്ള ഒരുക്കത്തിലാണു കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ). ഡിസംബറിൽ കെ ഫോൺ യഥാർത്ഥ്യമാകുമെന്നായിരുന്നു സർക്കാർ അവകാശവാദം. എന്നാൽ അത് നീളുമെന്നാണ് സൂചന. പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കെ ഫോൺ. ടെലികമ്യൂണിക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു ചുമതല കൈമാറുക, പിഡബ്ല്യുസിയുടെ കൺസൽറ്റന്റുമാർക്കു പകരം സർക്കാർ തന്നെ ആളെ കണ്ടെത്തുക എന്നീ സാധ്യതകളാണു പരിഗണിക്കുന്നത്. ബിഎസ്എൻഎൽ അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി നോക്കിയവരെ റിക്രൂട്ട് ചെയ്യാനും ആലോചിക്കുന്നു. പകരം ആളെ കണ്ടെത്തണമെങ്കിൽ തസ്തിക സൃഷ്ടിക്കേണ്ടി വരുമെന്നും കെഎസ്‌ഐടിഐഎൽ അറിയിച്ചിട്ടുണ്ട്.

അതിനിടെ അന്വേഷണ ഏജൻസികൾ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. നാട്ടിലെ യുവാക്കൾ കാത്തിരിക്കുകയാണ് കെ ഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ഒരുക്കുന്നു. ചിലർക്ക് അത് പ്രയാസം ഉണ്ടാക്കും. ആ നിക്ഷിപ്ത താത്പര്യം എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്ക് വരും. എന്തിനാണ് അവർ ഇടപെടുന്നത്. എന്താണ് അവർക്കുള്ള സംശയം. കിഫ്ബിയുടെ ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. അതുമായി ബന്ധപ്പെട്ട് എവിടെയാണ് സംശയം. കിഫ്ബി നടപ്പാക്കുന്ന നിർവഹണ ഏജൻസികളെക്കുറിച്ചല്ല. കെ ഫോൺ എന്നതിനോടാണ് ചിലർക്ക് വിയോജിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ എന്തിന് കെ ഫോണിന് പോകണം, അതിന് വേറെ ആൾക്കാരില്ലേ ഇവിടെ. ആ കാര്യം നടത്താൻ ഒരുപാട് സ്വകാര്യ ഏജൻസികളും കുത്തക കമ്പനികളും ഇവിടുണ്ടല്ലോ എന്നതാണ് പരോക്ഷമായി അന്വേഷണ ഏജൻസി പറയുന്നത്. അതിന് അതേ നാണയത്തിൽ പറയുകയാണ് അത് മനസിൽ വച്ചാൽ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്ത് ഇവിടേക്ക് വരേണ്ട. അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെ ഇകഴ്‌ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കെ-ഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. ജനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. അന്വേഷണ ഏജൻസികളിലൂടെ ഇത്തരത്തിലുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.