തൃശൂർ: ഓടിനടക്കുന്ന രാഷ്ട്രീയക്കാരൻ. വന്നു കാണുന്നവർക്കെല്ലാം നൽകുന്നത് നിറചിരിയും സൗമ്യതയും. കെ രാധാകൃഷ്ണൻ വീണ്ടും മന്ത്രിയാകുന്നു. എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ ഇകെ നായനാരുടെ മന്ത്രിസഭയിൽ എത്തിയ യുവാവ്. പിന്നീട് സ്പീക്കറായി. ഇപ്പോൾ വീണ്ടും മന്ത്രി. അപ്പോഴും ഈ അമ്മയ്ക്ക് കാര്യങ്ങൾ സാധാരണ പോലെയാണ്. മകൻ മന്ത്രിയാകുമ്പോഴും വീട്ടുമുറ്റത്ത് ഇഞ്ചി, വാഴ, ചേമ്പ്, കാച്ചിൽ ഇതൊക്കെ കുഴിച്ചുവയ്ക്കുകയാണ് ചിന്നമ്മ. കൃഷിയാണ് അമ്മയ്ക്ക് ഇന്നും പ്രധാനം. അടുത്ത വർഷത്തേക്കുള്ള കരുതൽ.

സന്തോഷം തന്നെ. മുറ്റത്തൊരു മുളകിൻ തൈ നട്ടു പിടിപ്പിച്ചാലും എനിക്കു സന്തോഷം. ലഭിക്കും. ഇതൊക്കെ കണ്ടു സന്തോഷിക്കേണ്ടിയിരുന്നയാള് പോയില്ലേ?-മകൻ മന്ത്രിയാകുമ്പോൾ ചിന്നമ്മ സന്ദോഷത്തിലാണ്. രാധാകൃഷ്ണന്റെ അച്ഛൻ കൊച്ചുണ്ണിയായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിനു പിന്തുണ നൽകിയത്. ആ കഥ അമ്മ പറയുന്നത് ഇങ്ങനെയാണ്. ന്മ അതെ. ഞങ്ങള് ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു ജോലി. 38 വർഷം ഞാനവിടെ ജോലി ചെയ്തു. രാധാകൃഷ്ണൻ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഞാനും പെൺമക്കളും വേണ്ടെന്നു പറഞ്ഞു. ഞങ്ങൾക്കു പേടിയായിരുന്നു. അന്നു രാഷ്ട്രീയക്കാരെയൊക്കെ ഇല്ലാതാക്കി കളയുന്ന കാലമാ. അന്ന് അവന്റെ അച്ഛൻ പറഞ്ഞു. ' നീ പേടിക്കണ്ട, ധൈര്യമായി ഇറങ്ങെടാ' എന്ന്. ആ വാക്കില്ലേൽ ഇന്ന് രാധാകൃഷ്ണൻ മന്ത്രിയല്ല, ഞാൻ മന്ത്രീടമ്മേമല്ല-ചിന്നമ്മ പറഞ്ഞു.

എന്റെ വീട് കായംകുളത്തായിരുന്നെങ്കിലും രാധാകൃഷ്ണന്റച്ഛന്റെ നാടായിരുന്നു ചേലക്കര. അങ്ങേര് മരിച്ചപ്പോൾ 4 പെൺമക്കളേയും കൊണ്ട് ഞാനിങ്ങു പോന്നു. ഇവിടെ കുറച്ചു പറമ്പ് വാങ്ങി ഒരു വീടും തട്ടിക്കൂട്ടി. എട്ടുമക്കളാ എനിക്ക് നാലാണും 4 പെണ്ണും. ആണിൽ 2 എണ്ണം പോയി. മൂത്തവനും താഴത്തേതും. രാജനും രമേശും. രാധാകൃഷ്ണനല്ലാതെ പിന്നെയുള്ള മകനെ തമ്പി എന്നു ഞങ്ങൾ വിളിക്കും. രവിയെന്നു പേര്. ഇവിടെ പാറപ്പുറത്ത് താമസം-ചിന്നമ്മ പറയുന്നു. മകൻ കല്യാണം കഴിക്കാതെ ഇങ്ങനെ നടക്കുന്നത് ശരിയാണോ? പിടിച്ചുകെട്ടിക്കാൻ മേലാരുന്നോ എന്ന ചോദ്യത്തിനും മറുപടിയുണ്ട്. ഞാനും അവന്റെ അനിയത്തിമാരുമൊക്കെ പലതവണ പറഞ്ഞു. കേട്ടില്ല. അതുപോട്ടെ, നായനാർ പറഞ്ഞു, പിണറായി പറഞ്ഞു എന്നിട്ടവൻ കേട്ടില്ല പിന്നാ-അമ്മ പറയുന്നു.

സത്യപ്രതിജ്ഞ കാണാൻ പോകണ്ടേ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി. ഞാനെങ്ങുമില്ല. ആദ്യം മന്ത്രിയായപ്പോൾ ഞങ്ങളൊക്കെ വണ്ടി പിടിച്ചു പോയി. ഇഎംഎസ് നമ്പൂതിരിപ്പാടൊക്കെ ഉള്ള കാലമാണത്. പിന്നീട് സ്പീക്കർ ആയപ്പോഴൊന്നും ഞാൻ പോയിട്ടില്ല. ഈ ടീവിയിൽ കാണാമല്ലോ. എന്തിനാ ടീവി. ഒന്നു കണ്ണടച്ചാൽ മതിയല്ലോ, എല്ലാം ഉള്ളിലുണ്ട്. പെൺമക്കളൊക്കെ പലയിടത്തും ഇരുന്നു കരച്ചിലാ. അവൻ മന്ത്രിയാകുന്നത് അമ്മയുടെകൂടെ ഇരുന്നു ടിവിയിൽ കാണണമെന്നാണവർക്ക്.. രമണി ചേർത്തലയിലും രതി തൃശൂർ അമല നഗറിലുമാ.രമയും രജനിയും അടുത്തുണ്ട്. പക്ഷേ, ആർക്കും ഇപ്പോൾ വരാനാവില്ലല്ലോ-അമ്മ പറയുന്നു. തോന്നൂർക്കര വടക്കേവളപ്പിലെ വീട്ടിൽ ഈ അമ്മയ്ക്ക് തുണ മകൻ രാധ മാത്രം. അവിവാഹിതനായ രാധയ്ക്ക് കൂട്ട് അമ്മയും.

മിക്കവാറും മകൻ യാത്രയിലാണ്. സ്ഥലത്തുണ്ടെങ്കിലും എത്തുമ്പോൾ പാതിരയാവും. ഭക്ഷണകാര്യത്തിൽ മകൻ ശ്രദ്ധ പുലർത്താറേയില്ലെന്ന് അമ്മ. രാത്രി വൈകിയെത്തുമ്പോൾ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പുറത്തുനിന്ന് എന്തെങ്കിലും കഴിക്കും. ദോശയും കപ്പയുമൊക്കെയായിരുന്നു പതിവ്. പ്രമേഹം കനത്തതോടെ കപ്പയും മാംസവുമെല്ലാം കുറച്ചു. സ്വന്തം ആരോഗ്യപ്രശ്നങ്ങൾ ഗൗനിക്കാത്ത രാധാകൃഷ്ണൻ പക്ഷേ, സുഹൃത്തുക്കളുടെയും സഖാക്കളുടെയും ആരോഗ്യവിഷയത്തിൽ അതീവ ശ്രദ്ധാലുവാണ്. സ്പീക്കറും മന്ത്രിയും ആയിരുന്നപ്പോഴും ചിന്ന തിരുവനന്തപുരത്തു പോയത് അപൂർവം മാത്രം. അവിടെ വീട്ടുകാരെ പാർപ്പിക്കാറില്ല.

സ്പീക്കറും മന്ത്രിയും എംഎ‍ൽഎ.യുമായി 20 വർഷം പ്രവർത്തിച്ചെങ്കിലും കെ. രാധാകൃഷ്ണന് സ്വന്തമായി വാഹനമില്ല. ജില്ലാ കൗൺസിൽ അംഗമായ അന്നു മുതൽ ഒപ്പമുള്ള സഖാവ് ദിവാകരനാണ് സാരഥി. മന്ത്രിയും സ്പീക്കറുമായപ്പോൾ സ്റ്റാഫിലും ദിവാകരനുണ്ടായിരുന്നു. മുൻ എംഎ‍ൽഎ.മാർക്ക് സർക്കാർ നൽകുന്ന ഇന്ധന കൂപ്പൺ ഉപയോഗിച്ച് ദിവാകരന്റെ വാഹനത്തിലാണ് സഞ്ചാരം. വ്യാസ എൻ.എസ്.എസ്. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പഠനത്തോടൊപ്പം അധ്വാനവും എന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കി. രാവിലെ പാടത്ത് കന്നുപൂട്ടിയ ശേഷമാണ് കോളേജിലെത്തിയിരുന്നത്. ഇന്നും പാട്ടത്തിന് എടുത്ത സ്ഥലത്ത് കൂട്ടുകാരോടൊപ്പം കപ്പയും ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. കൈക്കോട്ടും നുകവും പിടിച്ച് തഴമ്പുവന്ന കൈകൾ.

പാർട്ടിയുടെ താഴെത്തട്ടിൽ പ്രവർത്തിച്ച എസ്.എഫ്.ഐ.ക്കാരനെ ആദ്യം ജില്ലാ കൗൺസിലിലേക്കും പിന്നീട് നിയമസഭയിലേക്കും അവിടന്ന് മന്ത്രിസഭയിലേക്കും എത്തിച്ചത് സിപിഎമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ. പത്മനാഭന്റെ കണ്ടെത്തലായിരുന്നു രാധാകൃഷ്ണൻ.