കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.

സർവേ നടപടികൾ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നൽകിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.

സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂർണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ചർച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥർ കല്ലിട്ടതെന്ന പരാതി പ്രദേശവാസികൾക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതിൽ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥർ കല്ലിട്ടതായും ജനങ്ങൾ പറയുന്നു.

അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേർന്ന സ്ഥലത്തും കെ റെയിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടൽ നടന്നു. തുടർന്ന് ഈ വീട്ടിലെ വീട്ടമ്മയും പെൺകുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റവന്യൂ അധികൃതർ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ വഴങ്ങാൻ തയ്യാറായില്ല. ബിജെപി., കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജനങ്ങൾക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിന് ഇടയിലാണ് കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 185 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 530 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത നിർമ്മിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
പദ്ധതിയുടെ അധികച്ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ കേന്ദ്രത്തിന് ഉറപ്പുനൽകിയിരുന്നു. വിദേശ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുമുണ്ട്.

ഭൂമി ഏറ്റെടുക്കലിന് പ്രത്യേകം വിഭാഗത്തെ നിയോഗിച്ചിരുന്നു. 11 ജില്ലകളിൽ ഇത് പൂർത്തിയായാൽ സാമൂഹിക ആഘാതപഠനം നടത്തും. ഒഴിവാക്കേണ്ടിവരുന്ന കുടുംബങ്ങളുടെ വിവരങ്ങളും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും കണ്ടെത്തും.

പൂർണമായും ഹരിത മാനദണ്ഡത്തിൽ നിർമ്മിക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള പാരിസ്ഥിതിക ആഘാതപഠനം, ജലപ്രവാഹപഠനം എന്നിവയും നടന്നുവരുന്നു. 64,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,000 കോടി വിദേശവായ്പയായി കണ്ടെത്തണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലേ വിദേശ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. റെയിൽവേ ബോർഡിന്റെ അംഗീകാരം നേടിയ രൂപരേഖയും ഇതിനൊപ്പം ഉണ്ടാകണം.

റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പദ്ധതി ജനവിരുദ്ധമാണെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എന്നാൽ കെ റെയിൽ ഹരിത പദ്ധതിയാണെന്നും സംസ്ഥാന വികസനത്തിന് ഇത് നിർണായകമാകുമെന്നും ഇടതുപക്ഷം വാദിക്കുന്നു. എതിർപ്പുകൾക്കിടയിലും അഞ്ചുവർഷം കൊണ്ട് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.