തിരുവനന്തപുരം : കെ റെയിൽ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പൊട്ടിത്തെറിയുണ്ടായേക്കും.പ്രകടന പത്രികയിൽ അംഗീകരിച്ച വിഷയമെന്ന നിലയിലാണ് കെ- റെയിലിനെതിരെ പരസ്യമായ വാക്ക് പോരിന് മുതിരാൻ സിപിഐ തയ്യാറാവാതിരിക്കുന്നത്. എന്നാൽ കേരള മൊട്ടാകെ പദ്ധതിക്കെതിരെ അതിരൂക്ഷമായ പ്രതിഷേധവും പ്രതിരോധവും ഉയർന്നതോടെ സിപിഐ അണികൾക്കിടയിലും ചാഞ്ചാട്ടമുണ്ടാകാൻ തുടങ്ങി. പിറവത്ത് കെ- റെയിൽ വിരുദ്ധ സമരത്തിൽ സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി സി.ടി.തങ്കച്ചൻ പങ്കെടുത്തത് സർക്കാരിനും ഇടത് മുന്നണിക്കും വൻ തിരിച്ചടിയായി. സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തെ തുടർന്ന് തങ്കച്ചനെ പാർട്ടി പദവികളിൽ നിന്ന് നീക്കി.

ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സർവേ നിർത്തിവെക്കാൻ സിപിഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അതേസമയം പ്രകാശ് ബാബുവിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത് കല്ലിടൽ രാഷ്ട്രീയത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവരാൻ ഇടയാക്കി. സിപിഐ പറയുന്നതുപോലെ കല്ലിടലിൽ അവ്യക്തതയി ല്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. സി.പി. ഐക്ക് എതിർപ്പുണ്ടെങ്കിൽ അതു പറയേണ്ടത് പാർട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനാണെന്നും മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്.

പദ്ധതിയെ സിപിഐ പ്രത്യക്ഷമായി തന്നെ എതിർക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രകാശ് ബാബുവിന്റെ പ്രസ്താവനയും സിപിഐ നേതാവായ റവന്യൂമന്ത്രി കെ. രാജൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നതും സിപിഎമ്മിനും സർക്കാരിനും തലവേദന സൃഷ്ടിക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും ധൃതിപിടിച്ച് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ. അതേസമയം ഇക്കാര്യത്തിൽ സിപിഐക്കുള്ളിൽ രണ്ടഭിപ്രായമുള്ളതായും വിവരങ്ങൾ പുറത്തുവരുന്നു. ആദ്യഘട്ടത്തിൽ പദ്ധതിയെ എതിർത്ത കാനം പിന്നീട് നിലപാട് മയപ്പെടുത്തിയതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനും അടക്കമുള്ള നേതാക്കൾ ജനത്തെ പൊലീസ് മർദിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ഇവർ പറയുന്നു.

പ്രാദേശിക തലത്തിലും സിപിഐ നേതാക്കൾ പദ്ധതിയെ പരസ്യമായി എതിർക്കുന്നു. നാട്ടുകാർക്കൊപ്പം സിപിഐ നേതാക്കളും ഇടതുസഹയാത്രികളും പ്രതിഷേധത്തിൽ അണിനിരക്കുന്നത് എൽ.ഡി.എഫിന് ഇനിയും ചർച്ച ചെയ്യാതിരിക്കാനാവില്ല. താഴേത്തട്ടിൽ നിന്നുള്ള നേതാക്കളുടെ വികാരം കണ്ടില്ലെന്ന് നടിക്കാൻ സിപിഐക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ ഇടതുമുന്നണി യോഗത്തിൽ സിപിഐയും മറ്റ് ഘടകകക്ഷികളും സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചർച്ച ആവശ്യപ്പെട്ടേക്കും.

സിപിഐ യുടെ ആദ്യകാല 15 നേതാക്കളുടെ മക്കൾ സിൽവർ ലൈൻ പദ്ധതിക്കെതിരെ കാനത്തിന് തുറന്ന കത്തെഴുതിയതും വൻ വിവാദമായിരുന്നു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ, കെ.ദാമോദരൻ, സി.ഉണ്ണിരാജ, എം.എൻ.ഗോവിന്ദൻ നായർ, വി.വി.രാഘവൻ, പി.ടി പുന്നൂസ്, റോസമ്മ പുന്നൂസ്, കെ.ഗോവിന്ദപിള്ള, കെ.മാധവൻ, പുതുപ്പള്ളി രാഘവൻ, പി.രവീന്ദ്രൻ, പവനൻ, കാമ്പിശ്ശേരി കരുണാകരൻ, എൻ.ഇ.ബൽറാം, എസ്. ശർമ്മ, പൊഡോറ കുഞ്ഞിരാമൻ എന്നീ മൺമറഞ്ഞ നേതാക്കന്മാരുടെ മക്കളാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ഡിവൈഎഫ്‌ഐ സമ്മേളനത്തിലും സിപിഐ ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

കെ റെയിൽ പദ്ധതിക്കനുകൂലമായി സിപിഐ രംഗത്ത് വരുന്നില്ലെന്നാണ് ഡിവൈ എഫ് ഐ ഉയർത്തുന്ന ആക്ഷേപം. ഇടത് മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസും (എം) പദ്ധതിയോടുള്ള വിയോജിപ്പ് എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ്. കേരള കോൺഗ്രസിന്റെ അനുഭാവികളും പാർട്ടി പ്രവർത്തകരും ധാരാളമുള്ള ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പൊലീസ് നടത്തിയ അതിക്രമത്തോട് ഒന്ന് പ്രതിഷേധിക്കാൻ പോലുമാവാതെ നട്ടം തിരിയുകയാണ് സ്ഥലം എം എൽ എ ജോബ് മൈക്കിൾ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് സി പി എമ്മിനേയും സർക്കാരിനേയും അതിരു ക്ഷമായി വിമർശിച്ചതും ജോസ് കെ. മാണിക്കും പാർട്ടിക്കും ക്ഷീണമായി.

പദ്ധതിയെ പിന്തുണച്ചാൽ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയും മാണി ഗ്രൂപ്പിനെ അലട്ടുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയും വിജെ ലാലിയും മാടപ്പള്ളിയിലെ സമരത്തിൽ അറസ്റ്റ് വരിച്ച രണ്ട് നേതാക്കളാണ് - ബദ്ധ ശത്രുക്കളായ ജോസഫ് ഗ്രൂപ്പ് തങ്ങളുടെ ചങ്ങനാശ്ശേരിയിലെ വോട്ടുകൾ കീറി മുറിക്കുമോ എന്ന ആശങ്ക ജോസ് കെ മാണിയെ ഭയപ്പെടുത്തുന്നുണ്ട്. ജന രോഷം തണുപ്പിക്കാൻ കാര്യമായി ഇടപെട്ടില്ലെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോവുമെന്ന ആശങ്കയിലാണ് മാണി ഗ്രൂപ്പ്.