തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ പദ്ധതിക്ക് റെയിൽവേ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്. ഇതിനായി റെയിൽവേയും കെ റെയിലും സംയുക്തപരിശോധന നടത്തും.

അതിരടയാളകല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധം തുടരുമ്പോഴാണ് റെയിൽവേഭൂമിയിൽ അതിരടയാളകല്ലുകളിടാൻ തീരുമാനിച്ചത്. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയും ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. റെയിൽവേഭൂമിയിലൂടെ പോകുന്ന ലൈനിന്റെ അലൈന്മെന്റാണ് സംയുക്തപരിശോധന നടത്തുന്നത്.

പദ്ധതിക്കായി ഏറ്റെടുക്കേണ്ട 185 ഹെക്ടർ ഭൂമി റെയിൽവേയുടെ വിഹിതമായി കണക്കാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 530 കിലോ മീറ്റർ നീളത്തിലാണ് പാത. 11 ജില്ലകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഇതിൽ തിരുവനന്തപുരം കൊല്ലം എറണാകുളം തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇപ്പോൾ അതിരടയാളകല്ലിടൽ നടക്കുന്നുണ്ട്.

കെ റെയിലുമായി ബന്ധപ്പെട്ട് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുമ്പോഴും റെയിൽവേയുമായുള്ള സഹകരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിരടയാളക്കല്ലുകൾ ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈന്മെന്റിൽ സംയുക്ത പരിശോധന നടത്താനും ധാരണയായിട്ടുണ്ട്. സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് അടക്കമുള്ളവർ ഈ ചർച്ചയിൽ പങ്കെടുത്തു.

പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപകപ്രക്ഷോഭം നടത്തുമ്പോഴാണ് റെയിൽവേഭൂമി ഏറ്റെടുത്ത് നടപടി തുടങ്ങാൻ തീരുമാനിച്ചത്. കെ റയിൽ പദ്ധതിക്കെതിരെ ഈ മാസം 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ റയിലിന്റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രഖ്യാപിച്ചിട്ടുണ്ട്.

കെ റെയിൽ ഹരിത പദ്ധതിയാണെന്നും സംസ്ഥാന വികസനത്തിൽ നിർണായകമാകുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്നാണ് കേന്ദ്രവും സംസ്ഥാനവും വിലയിരുത്തിയതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ റെയിൽ എംഡി വി അജിത് കുമാറും നേരത്തെ രംഗത്തെത്തിയിരുന്നു. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും അത്തരത്തിൽ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമ്മിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുകയെന്നും ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നും അഞ്ചുകൊല്ലം കൊണ്ട് പണി പൂർത്തിയാക്കുമെന്നും കെ റെയിൽ എംഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

63,941 കോടി രൂപയാണ് സിൽവർ ലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33,700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽ നിന്ന് കടമെടുക്കാൻ തീരുമാനിച്ചത്. ഇതിൽ പ്രധാന ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജൻസികളിൽ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശുപാർശ. എന്നാൽ വായ്പാ ബാധ്യതയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയായിരുന്നു. നിലവിൽ 3.2 ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. കെ റെയിൽ പദ്ധതിക്കായി എസ്റ്റിമേറ്റ് വർധനകൂടി കണക്കിലെടുക്കുമ്പോൾ അരലക്ഷം കോടിയോളം കടമെടുക്കേണ്ടി വരുന്നത് വലിയ തലവേദനയാകും കേരളത്തിന്.