തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് തന്റെ അറിവോടെയല്ലായിരുന്ന വനംമന്ത്രി എ കെ ശശീന്ദ്രന്റെ വിശദീകരണത്തിൽ പരിഹാസവുമായി മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണം മുതൽ മുഖ്യമന്ത്രിക്കോ, ഇറിഗേഷൻ വകുപ്പിനോ, വനം വകുപ്പിനോ ഉത്തരവിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ശബരീനാഥന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ ഇമൊബിലിറ്റി പദ്ധതി അറിഞ്ഞില്ല. രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്‌നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല.
സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി?

ഏറ്റവും ഒടുവിൽ നിയമസഭയിൽ അറിയിച്ചതിന് വിരുദ്ധമായി മുല്ലപെരിയാർ ബേബി ഡാമിന് താഴെയുള്ള മരം മുറി ഉത്തരവിന് മുന്നോടിയായി കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടന്നതായി സ്ഥീരികരണവും പുറത്തുവന്നിരുന്നു. . ഇതോടെ സംയുക്ത പരിശോധന നടന്നില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തിരുത്തേണ്ടതായി വരുന്ന സാഹചര്യമാണുള്ളത്. ഇതിനായി സ്പീക്കർക്ക് നോട്ടീസ് നൽകി. എന്നാൽ പരിശോധനക്ക് മരംമുറി ഉത്തരവുമായി ബന്ധമില്ലെന്നാണ് വിശദീകരണം. ചർച്ച പതിവ് രീതിയിൽ നടത്തിയതെന്നാണ് സർക്കാരിന്റെ പക്ഷം.

ശനിയാഴ്‌ച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയത്. എന്നാൽ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല.