തിരുവനന്തപുരം: സംവിധായകൻ കെ എസ് സേതുമാധവന്റെ വിടവാങ്ങലിലുടെ മലയാള സിനിമയുടെ ഒരു അധ്യായം കൂടി പൂർണ്ണമാവുകയാണ്. മലയാളസിനിമയുടെ അറുപത് ആണ്ടുകളുടെ അനുഭവങ്ങൾക്കും പാളിച്ചകൾക്കും സാക്ഷ്യം വഹിച്ചാണ്് കെ.എസ് സേതുമാധവൻ തന്റെ ജീവിതത്തിനും പാക്ക് അപ്പ് പറയുന്നത്.നാടകങ്ങളുടെയും മറ്റ് കലാരൂപങ്ങളുടെയും നിഴലിൽ നിന്ന് മലയാള സിനിമയെ ഇന്ന് കാണുന്ന ഫോർമാറ്റിലേക്ക് മാറ്റിയെന്നതാണ് മലയാള സിനിമ ചരിത്രത്തിൽ കെ എസ് സേതുമാധവൻ എന്ന സംവിധായകന്റ ഏറ്റവും വലിയ സംഭാവന.അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്ത ചിത്രങ്ങളേക്കാൾ ഒക്കെ മലയാള സിനിമാ ലോകം ഇ സംവിധായകനോട് കടപ്പെട്ടിരിക്കുന്നതും ഇ സംഭാവനയ്ക്കാണ്.

പുതിയ പാത തുറന്നത് വെല്ലിവിളികളെ അതിജീവിച്ച്

നാടകീയതയിൽനിന്നും അതിവൈകാരികതയിൽനിന്നും മലയാള സിനിമയെ മോചിപ്പിച്ച് യാഥാർഥ്യലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് കെ.എസ് സേതുമാധവനായിരുന്നു.അതിന് അദ്ദേഹം കൂട്ടിപിടിച്ചതാകട്ടെ മലയാളത്തിലെ ശ്രദ്ധേയങ്ങളായ സാഹിത്യസൃഷ്യികളെയും. വായനക്കാരുടെ മനസിൽ പതിഞ്ഞ സാഹിത്യ സൃഷ്ടികളെ ആവലംബിച്ച് സിനിമ തയ്യാറാക്കുക എന്നത് എക്കാലവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്.കാരണം പ്രശസ്തമായ ഒരു സാഹിത്യ കൃതിക്ക് ചലച്ചിത്രഭാഷ്യം നൽകുമ്പോൾ അത് വേണ്ടവിധത്തിൽ പ്രക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ ആ സൃഷ്ടിക്കൊപ്പം അണിയറ പ്രവർത്തരും ക്രൂശിക്കപ്പെടും.ഗൗരവമായി വായനയെ സമീപിച്ചിരുന്ന പണ്ട് കാലങ്ങളിലാണ് സിനിമയുടെ സ്ഥിരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതിനൊപ്പം സാഹിത്യ കൃതികളെ കൂട്ടുപിടിക്കുക എന്ന ധീരമായ ഇടപെടലും സേതുമാധവൻ നടത്തിയത്.

വായനയിലുടെ ജനങ്ങൾ മസസിൽ വരച്ച രൂപങ്ങളെ സത്യനിലൂടെയും നസീറിലുടെയുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളാക്കി അദ്ദേഹം അവർക്കു മുന്നിലേക്ക തന്നെ എത്തിച്ചു.തങ്ങൾ മനസിൽ ആരാധിച്ച കഥാപാത്രങ്ങളെ ജിവനോടെ തിരശ്ശീലയിൽ കണ്ടപ്പോൾ ജനങ്ങൾ ഇരു കൈയു നീട്ടി സ്വീകരിച്ചു.സിനിമയെയും ഒപ്പം സംവിധായകനെയും..അങ്ങിനെ സേതുമാധവൻ എന്നത് ഒരു ബ്രാൻഡ് നെയിം ആയി മാറുകയും ചെയ്തു. 1961 മുതൽ മൂന്നു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്നു. മലയാളത്തിന് പുറമെ അദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, ഹിന്ദി ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു.

65 ചലച്ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ കെ.എസ് സേതുമാധവനാണ്. തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, മുട്ടത്തുവർക്കി, തോപ്പിൽ ഭാസി, മലയാറ്റൂർ രാമചന്ദ്രൻ, ഉറൂബ്, കെ.ടി മുഹമ്മദ്, എം ടി വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, അയ്യനേത്ത്, പാറപ്പുറത്ത് തുടങ്ങി പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയെല്ലാം കൃതികൾ അദ്ദേഹം സിനിമ ആക്കിയിട്ടുണ്ട്. തമിഴിലെ ഇന്ദിരാ പാർഥസാരഥി, ബാലഹരി തെലുങ്കിലെ പത്മരാജൻ തുടങ്ങിയവരുടെ രചനകൾക്കും അദ്ദേഹം ചലച്ചിത്രഭാഷ്യം നൽകി. സേതുമാധവന്റെ സംവിധാന വൈദഗ്ധ്യത്തിൽ സാഹിത്യകൃതികളുടെ കലാമേന്മ വർധിച്ചതേയുള്ളൂ. അധികം ജനപ്രീതി നേടാത്ത രചനകൾ പോലും സേതുമാധവന്റെ സംവിധാനത്തിൽ മികച്ച ചലച്ചിത്രങ്ങളായി മാറി.

സിനിമയ്‌ക്കൊപ്പം ശരിയാക്കിയത് സിനിമാ താരങ്ങളെയും

സിനിമ വെറും കലാരൂപം മാത്രമായിരുന്നില്ല സേതുമാധവന്.അത്രമേൽ ആത്മാർത്ഥതയോടെയാണ് ഈ കലയെ അദ്ദേഹം സ്‌നേഹിച്ചതും കൊണ്ടു നടന്നതും.അതുകൊണ്ട് തന്നെ സിനിമ ഷൂട്ടിങ്ങിനിടക്കൊ മറ്റ് അനുബന്ധ പ്രവൃത്തികളിലോ അലസത കാട്ടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.അദ്ദേഹത്തിന്റെ ഈ കർക്കശ്യത്തിന്റെ ചൂടറിഞ്ഞവരിൽ സാക്ഷാൻ എം ജി ആർ പോലുമുണ്ട്. ആ കഥ അദ്ദേഹം ഒരിക്കൽ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

നാളെ നമതെ'യുടെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം. രാവിലെ 9 മണിക്കാണ് ഷൂട്ടിങ് തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, 10.45നാണ് എം.ജി.ആർ.എത്തിയത്. അടുത്തദിവസവും ഇതാവർത്തിച്ചു. അന്നേരം എം.ജി.ആറിന്റെ മുഖത്തുനോക്കി സേതുമാധവൻ ചോദിച്ചു- ''നാളെ നിങ്ങൾ എപ്പോഴാണ് വരിക?'' സ്റ്റുഡിയോയിലുണ്ടായിരുന്നവർ ഞെട്ടി. താരരാജാവായ എം.ജി.ആറിനോട് ആരും ഇങ്ങനെ സംസാരിക്കാറില്ല. ''നാളെയും നിങ്ങൾ 10.45നാണ് വരുന്നതെങ്കിൽ എനിക്ക് ഷെഡ്യൂൾ പുനഃക്രമീകരിക്കണം. വെറുതെ സമയം കളയാനാവില്ല''. അടുത്തദിവസം സേതുമാധവൻ 9 മണിക്ക് സ്റ്റുഡിയോയിലെത്തിയപ്പോൾ എം.ജി.ആർ. അവിടെ ഹാജരുണ്ടായിരുന്നു; മെയ്‌ക്കപ്പൊക്കെയിട്ട് ഷൂട്ടിങ് തുടങ്ങാൻ തയ്യാറെടുപ്പോടെ. വിനയം ഒരിക്കലും ഒരു അധമവികാരമല്ലെന്നും അഹംഭാവം തുലയ്ക്കുന്നത് അവർക്കുതന്നെ കൈവരേണ്ട നേട്ടങ്ങളാണെന്നും ഓർമിപ്പിച്ചു.

അദ്ദേഹത്തിന്റെ ഈ സ്വഭാവത്തിന് ഉദാഹരണങ്ങൾ ഇനിയുമുണ്ട്.ക്യാമറയ്ക്ക് മുന്നിലിരുന്നു സിഗരറ്റ്‌വലിക്കുകയായിരുന്ന നസീറിനോടും തിക്കുറിശ്ശിയോടും സേതുമാധവൻ എന്ന യുവസംവിധായകൻ ഒരിക്കൽ പറഞ്ഞു- ''ഇതൊരു പരിശുദ്ധസ്ഥലമാണ്. ക്യാമറയ്ക്ക് മുന്നിലിരുന്ന് വൃത്തിട്ടെ തമാശകൾ പോലും പറയരുതെന്നാണ് എന്റെ പക്ഷം. പുകവലിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് പുറത്തുപോയി വലിക്കാം''- രണ്ടുപേരും ഒരക്ഷരം മിണ്ടാതെ പുറത്തേക്കുപോയത് സേതുമാധവന്റെ ഒരിക്കൽ ഓർത്തെടുത്തിട്ടുണ്ട്.

എന്നാൽ സത്യനെ ആദ്യമായി സംവിധാനം ചെയ്യാൻ എത്തിയപ്പോൾ വിറച്ചുപോയതും ഇതേ സേതുമാധവനാണ് എന്നത് മറ്റൊരു വസ്തുത.സേതുമാധവൻ 'കണ്ണും കരളും' എന്ന സിനിമ എടുക്കുകയാണ്. മലയാളത്തിൽ സേതുമാധവന്റെ രണ്ടാമത്തെ സിനിമ. സത്യൻ എന്ന അന്നത്തെ മെഗാ സ്റ്റാറാണ് കണ്ണും കരളിലും അഭിനയിക്കുന്നത്. സേതുമാധവന്റെ പ്രായം 28 വയസ്സ്. സത്യനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്ത് സേതുമാധവൻ ചെറിയൊരു നെഞ്ചിടിപ്പോടെ നില്ക്കുകയാണ്. ''ഗുഡ്‌മോണിങ് ഡയറക്ടർ സാർ''- ഒരു സുന്ദരൻ പുഞ്ചിരിയോടെ സത്യൻ സെറ്റിലേക്കു വന്നു. സാർ എന്ന് സത്യൻ വിളിച്ചതോടെ തന്റെ ആത്മവിശ്വാസം ഇരട്ടിക്കുകയായിരുന്നുവെന്ന് സേതുമാധവൻ പറയുന്നു. മലയാളത്തിൽ അന്നത്തെ ഏറ്റവും വലിയ നടനായ സത്യൻ പുതിയ പയ്യൻ സംവിധായകനു മുന്നിൽ അനുസരണയുള്ള കുട്ടിയെപ്പോലെ നിന്നുകൊടുത്തു.

സിനിമ തന്നെ ജീവിതവും ശ്വാസവും

മലയാള സിനിമയിലെ ഇന്നത്തെ തലമുറ പോലും കെ.എസ് സേതുമാധവൻ എന്ന് പേര് ബഹുമാനത്തോടെ മാത്രമേ ഉഛരിക്കു.സിനിമയോടും സിനിമ ലോകത്തോടും അദ്ദേഹം കാണിച്ച അകമഴിഞ്ഞ സ്‌നേഹത്തിനും ബഹുമാനത്തിനും സിനിമ തിരികെ നൽകിയത് ഈ ബഹുമാനമാണ്. 'എന്റെ ജീവിതത്തിൽ ഒരു സ്ത്രീ മാത്രമേയുള്ളു. അത് എന്റെ ഭാര്യയാണ്' എന്ന് ഉറപ്പിച്ചുപറയുന്ന ആളാണ് അദ്ദേഹം.അതുകൊണ്ട് തന്നെ സിനിമാലോകത്തെ സന്യാസിയെന്ന് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാലും അതിശയോക്തിയാകില്ല.പ്രണയമൊന്നും ആരോടും തോന്നിയിട്ടില്ല. നന്നേ ചെറുപ്പത്തിൽ വിധിയുടെ പ്രഹരങ്ങൾക്കു വിധേയനാകേണ്ടിവന്നതും അദ്ദേഹത്തെ പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ളയാളാക്കി മാറ്റിയിരുന്നു.

സേതുമാധവന് എട്ടുവയസുള്ളപ്പോൾ ഹൃദയാഘാതം മൂലം പിതാവ് അപ്രതീക്ഷിതമായി മരിച്ചത് ആ കുടുംബത്തെ ഉലച്ചുകളഞ്ഞു. മാതാവിനും സഹോദരങ്ങൾക്കുമൊപ്പം തമിഴ്‌നാട്ടിൽനിന്ന് തിരിച്ചുവന്ന അദ്ദേഹം പാലക്കാട്ട് സ്‌കൂളിൽ ചേർന്നു. എന്നാൽ മലയാളം അറിയാത്ത സേതുമാധവൻ സഹപാഠികൾക്കിടയിൽ പരിഹാസപാത്രമായി. സംസാരം കുറച്ച അദ്ദേഹം അന്തർമുഖനായി മാറി.

ഭർത്താവിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് തമിഴ്‌നാട്ടിൽനിന്നും ട്രെയിനിൽ തിരിച്ചുവരവെ മക്കൾക്കൊപ്പം കാവേരി നദിയിൽചാടി ജീവനൊടുക്കാൻ തീരുമാനിച്ച മാതാവിന് നൽകിയ വാഗ്ദാനവും എട്ടുവയസുകാരനെ കാര്യഗൗരവമുള്ള ആളാക്കിമാറ്റിയിരുന്നു. 'അമ്മ വിഷമിക്കരുത്, പഠിച്ചു വലിയവനാകുമ്പോൾ അമ്മയെ ഞാൻ മദ്രാസിലേക്ക് കൊണ്ടുപോകും. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും' സേതുമാധവന്റെ ഈ ഉറപ്പായിരുന്നു അമ്മയെ അന്ന് കഠിനതീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചത്.

എന്നാൽ, ഡിഗ്രിക്കുശേഷം സിനിമാക്കാരനാകാനുള്ള മകന്റെ തീരുമാനം അമ്മയെ അമ്പരപ്പിച്ചുകളഞ്ഞു. 'നിനക്ക് സിനിമയെക്കുറിച്ച് എന്തറിയാം?' എന്ന ചോദ്യത്തിന് 'ഞാൻ പഠിക്കും' എന്നായിരുന്നു സേതുമാധവന്റെ മറുപടി. എന്താണ് സിനിമയിൽത്തന്നെ പോകണമെന്ന് ഇത്ര താത്പര്യമെന്ന് അമ്മ ചുഴിഞ്ഞു ചോദിച്ചു. അതൊരു ചലഞ്ചിങ് ഫീൽഡാണെന്നും അതിൽ വെറൈറ്റി ഉണ്ടെന്നും പറഞ്ഞ് സേതുമാധവൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അമ്മയുടെ അടുത്ത നടപടി ഇത്തിരി കഠിനമെന്ന് തോന്നുന്ന ഒരു ഉപാധിവയ്ക്കലായിരുന്നു. 'ഏതൊരു പെണ്ണിനെയും നിന്റെ സഹോദരിയായി മാത്രം കാണാനുള്ള മനസ്സുണ്ടെങ്കിൽ സിനിമയിൽ പൊയ്‌ക്കോളൂ'. സേതുമാധവൻ അത് സ്വീകരിച്ചു. എക്കാലത്തും അത് പാലിക്കുകയും ചെയ്തു.

യഥാർഥത്തിൽ സേതുമാധവനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളി ഒന്നുമായിരുന്നില്ല. ഭൗതിക ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ പന്ത്രണ്ടാം വയസിൽത്തന്നെ ആഗ്രഹം തോന്നിയതാണ് അദ്ദേഹത്തിന്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളുടെ കൂടെ രമണമഹർഷിയുടെ ആശ്രമത്തിൽ പലതവണ സന്ദർശനം നടത്തിയതോടെ സന്യാസജീവിതത്തിൽ ആകൃഷ്ടനായി മാറിയുന്നു സേതുമാധവൻ. ഒരു സന്യാസിയാകണമെന്നായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ ഗുരുവായ മോഡേൺ തിയേറ്റേഴ്‌സിലെ ടി.ആർ സുന്ദരമാണ് സിനിമസൈറ്റിലെ അച്ചടക്കത്തിൽ സേതുമാധവന്റെ മാതൃക. ക്യാമറയുടെ മുൻവശം അമ്പലത്തിന്റെ ഗർഭഗൃഹമാണെന്നായിരുന്നു സുന്ദരത്തിന്റെ നിലപാട്.

പുരസ്‌കാരങ്ങളുടെ തോഴൻ

മലയാള സാഹിത്യത്തിലെ രചനകൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ മികച്ച സംവിധായകൻ. കെ.എസ്.സേതുമാധവനെന്ന ഇതിഹാസത്തെ കുറിച്ചോർക്കുമ്പോൾ മലയാള സാംസ്‌കാരിക ലോകം ആദ്യം ഓർക്കുക ഇക്കാര്യം തന്നെയാണ്. ഏറ്റവുമധികം കൃതികൾ സിനിമയാക്കിയ സംവിധായകൻ എന്നതിനൊപ്പം തന്നെ ഒരുപക്ഷേ ഏറ്റവുമധികം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചലച്ചിത്ര പ്രവർത്തകനെന്ന വിശേഷണവും കെ.എസ്.സേതുമാധവന് മാത്രമായിരിക്കും.

സംവിധായകൻ കെ.രാംനാഥിന്റെ സഹായിയായി സിനിമയിൽ തുടക്കം കുറിച്ച സേതുമാധവൻ സ്വതന്ത്രനാകുന്നത് സിംഹള ചിത്രമായ വീരവിജയയിലൂടെയാണ്. പിന്നീട് അദ്ദേഹത്തിന്റെ സംവിധാനത്തിൽ തെലുഗിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും ചിത്രങ്ങൾ പിറന്നു. കേരള സംസ്ഥാന പുരസ്‌കാരങ്ങളും വിവിധ ഭാഷകളിലെ സിനിമകൾക്ക് ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മികച്ച ചിത്രത്തിനും തിരക്കഥാ രചനയ്ക്കുമുൾപ്പടെ 10 ദേശീയ പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്. പി.കേശവദേവിന്റെ ഓടയിൽ നിന്നിന് 1965-ൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സേതുമാധവൻ 69ലും 71ലും പുരസ്‌കാര നേട്ടം ആവർത്തിച്ചു. മികച്ച മലയാള ചിത്രത്തിന് പുറമേ മികച്ച തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

മലയാളത്തിലെ മാത്രമല്ല തെലുങ്കിലെ നന്ദി അവാർഡ്, ഫിലിംഫെയർ പുരസ്‌കാരങ്ങൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്‌കാരവും കെ.എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടിന്റെ സെല്ലുലോയിഡ് ജീവിതം

കെ.എസ് സേതുമാധവൻ സിനിമയിലേക്കെത്തിയതിൽ നിർണായകമായത് ഒ.വി വിജയന്റെ ഇടപെടലാണ്. ഡിഗ്രി പാസായ ശേഷം സിനിമാമോഹവുമായി കോയമ്പത്തൂരിൽ എത്തിയ സേതുമാധവന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. വിവിധ സ്റ്റുഡിയോകളിൽ അവസരം തെടി അലഞ്ഞെങ്കിലും ഒന്നും ശരിയായില്ല. വേനൽമഴ പെയ്ത ഒരു സായാഹ്നത്തിൽ കുടുംബസുഹൃത്തായ ഒ.വി വിജയൻ രണ്ടു സുഹൃത്തുക്കളുമായി സേതുമാധവന്റെ മുറിയിൽ മഴനനഞ്ഞു വന്നുകയറി.

ഇ വരവാണ് സേതുമാധവന്റെ ജീവിതം മാറ്റിയത്.സംസാരമധ്യേ, പ്രതിസന്ധിയിലായ തന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് സേതുമാധവൻ വിജയനോട് പറഞ്ഞു. വിജയന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ പിതാവ് കോയമ്പത്തൂരിൽ പൊലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ശിപാർശപ്രകാരം കോയമ്പത്തൂർ സെൻട്രൽ സ്റ്റുഡിയോയിൽ പ്രശസ്ത ഛായാഗ്രഹകൻ കെ.രാമനാഥന്റെ അപ്രന്റീസായി പ്രവർത്തിക്കാൻ സേതുമാധവന് അവസരം ലഭിച്ചു. വിശാലമായ ചലച്ചിത്രലോകത്തേക്കു തുറന്നുകിട്ടിയ ഒരു വാതിലായിരുന്നു സേതുമാധവന് അത്. പിന്നീട് സേലത്തെയും മദ്രാസിലെയും മോഡേൺ തിയേറ്റേഴ്‌സിൽ ജോലി ചെയ്തു.

അക്കാലത്ത് തമിഴ് സിംഹള സിനിമകളുടെ നിർമ്മാണം മുഴുവനായും നടന്നിരുന്ന് മോഡേൺ തിയേറ്റേഴ്‌സിലാണ്. മോഡേൺ ഉടമ ടി.ആർ സുന്ദരത്തിനൊപ്പം സഹസംവിധായകനായി മൂന്നു വർഷത്തോളം പ്രവർത്തിച്ച പരിചയം അദ്ദേഹത്തിന് മികച്ച അടിത്തറയൊരുക്കി. സിംഹള സിനിമാപ്രവർത്തകരുമായി മോഡേണിൽവച്ചുണ്ടായ സൗഹൃദമാണ് ആദ്യമായി സിംഹളസിനിമ സംവിധാനം ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചത്.

സത്യൻ, നസീർ, ഷീല തുടങ്ങിയവരുടെ വളർച്ചയിൽ നിർണായകമായത് സേതുമാധവൻ നൽകിയ കഥാപാത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കണ്ണും കരളും എന്ന ചിത്രത്തിൽ ബാലതാരമായാണ് നടൻ കമൽഹാസൻ ചലച്ചിത്രലോകത്ത് എത്തുന്നത്. സേതുമാധവന്റെ തന്നെ കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമൽഹാസൻ ആദ്യമായി നായകനുമായി. 1991ൽ സംവിധാനം ചെയ്ത വേനൽ കിനാവുകളാണ് അദ്ദേഹം മലയാളത്തിൽ അവസാനമായി ചെയ്തത്.

അവസാന ചിത്രമായ സ്ത്രീ (തെലുങ്ക്) പുറത്തിറങ്ങിയത് 1995ലാണ്. ദേശീയ, സംസ്ഥാന ഫിലിം അവാർഡ് ജൂറി അംഗമായും സംസ്ഥാന ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ സജീവ സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും മലയാള സിനിമയിലെ മാറ്റങ്ങളെ ഏറെ കൗതുകത്തോടെ അദ്ദേഹം വീക്ഷിച്ചു. മലയാളസിനിമ വളരുകയാണെന്ന് സാക്ഷ്യപ്പെടുത്തി. പുതിയ തലമുറയിലെ സംവിധായകരെ കാരണവ സ്ഥാനത്തിരുന്ന് വിമർശിക്കാതെ മനസ്സറിഞ്ഞ് അഭിനന്ദിച്ചു. മാറ്റങ്ങളിൽ സന്തോഷിച്ചു.

മലയാള സിനിമയുടെ ചരിത്രത്തെ കണ്ണിചേർത്ത അദ്ദേഹത്തെ തേടി സമുന്നത ബഹുമതികളൊന്നും എത്തിയില്ലെന്ന് ആരാധകരും സിനിമാ പ്രേമികളും പരാതി പറഞ്ഞപ്പോഴും സേതുമാധവന് യാതൊരു പരാതിയുമില്ലായിരുന്നു. പരാതിയുണ്ടോ എന്ന ചോദ്യത്തിന് 'വിവാദങ്ങൾക്കൊന്നും എനിക്ക് താൽപര്യമില്ല. മലയാള സിനിമയുടെ വളർച്ചയിൽ അതിയായി സന്തോഷിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.