തിരുവനന്തപുരം: ചക്ര സ്തംഭന സമരത്തിൽ നിന്ന് വിട്ടു നിന്ന വി.ഡി.സതീശന്റെ നടപടിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് അതൃപ്തി എന്ന് സൂചന. ഇന്ധ്‌ന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന് എതിരായ സമരത്തിൽ സതീശൻ പേരിന് പോലും പങ്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. നേരത്തെ നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിലും, താൻ വഴിതടയൽ സമരത്തിന് വ്യക്തിപരമായി എതിരാണെന്ന് സതീശൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രഖ്യാപിച്ച ചക്ര സ്തംഭന സമരത്തിലെ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യവും ചർച്ചയായി. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നിർവഹിച്ചു. സെക്രട്ടേറിയറ്റ് മുതൽ പാളയം വെള്ളയമ്പലം വഴി രാജ്ഭവൻ വരെയായിരുന്നു പ്രതിഷേധം. എന്നാൽ, തലസ്ഥാനത്ത് ഉണ്ടായിട്ടും, സതീശൻ ഇവിടെയും എത്തിയില്ല.

വിഷയത്തിൽ നിലപാട് തേടിയ മാധ്യങ്ങളുടെ ചോദ്യങ്ങളിൽ നിന്നും വിഡി സതീശൻ ഒഴിഞ്ഞുമാറി. സമരത്തിന് കെപിസിസി പ്രസിഡന്റ് ഉണ്ടെന്ന് പ്രതികരിച്ച വിഡി സതീശൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ സഭയിൽ വേണമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ധന നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിലെ വഴിതടയൽ സമരം വിവാദമായ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലും സമരം നടത്തുമെന്നായിരുന്നു കോൺഗ്രസ് സ്വീകരിച്ച നിലപാട്. രാവിലെ 11 മുതൽ 15 മിനിറ്റ് നേരമായിരുന്നു പ്രതിഷേധം.

എന്നാൽ, സമരത്തിനിടെ പാലക്കാട് ജില്ലയിൽ പൊലീസും പ്രവർത്തകും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ജില്ലയിൽ സുൽത്താൻ പേട്ട ജംഗ്ക്ഷനിലാണ് പ്രതിഷേധസമരം നടക്കുന്നത്. നാല് ഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകേണ്ടതിനാൽ ഇവിടെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നും പിരിഞ്ഞുപോകാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തീരുമാനിച്ചത് പ്രകാരം 15 മിനിറ്റ് പ്രതിഷേധ സമരത്തിന് ശേഷം മാത്രമെ പിരിഞ്ഞു പോവുകയുള്ളൂവെന്ന് പ്രവർത്തകർ അറിയിച്ചു. നേരത്തെ തന്നെ അറിയിച്ചാണ് പ്രതിഷേധ സമരം ഇവിടെ സംഘടിപ്പിക്കുന്നതെന്നും പൊലീസിനെ പ്രവർത്തകർ അറിയിച്ചു. വികെ ശ്രീകണ്ഠൻ എംപി, രമ്യാ ഹരിദാസ് എംപി എന്നിവരാണ് പാലക്കാട് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

അതേസമയം പാലക്കാട്ടെ സംഘർഷം സ്വാഭാവികമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സംഘർഷമുണ്ടാക്കിയത് സമരം സംഘടിപ്പിച്ചവരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പ്രശ്‌നം സൃഷ്ടിച്ചത് നടൻ ജോജു ജോർജാണെന്നും സുധാകരൻ പ്രതികരിച്ചു. ഏതായാലും കൂട്ടായ സമരം പാർട്ടി സംഘടിപ്പിക്കുമ്പോൾ, ആദർശം പറഞ്ഞ് സതീശൻ മാറി നിൽക്കുന്നതിലെ ഔചിത്യം ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വ്യക്തിപരമായി ഉപരോധ സമരത്തിന് എതിരായതിനാൽ, തന്നെ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ഇതോടെ, കെപിസിസി പ്രസിഡന്റും, പ്രതിപക്ഷനേതാവും തമ്മിൽ ഈ വിഷയത്തിലുള്ള ഭിന്നതയും മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.