തിരുവനന്തപുരം: പാലാ ബിഷപ്പിന് എതിരായ പി ചിദംബരത്തിന്റെ വിമർശനത്തെ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന് സുധാകരൻ പറഞ്ഞു. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും സുധാകരന്റെ മറുപടി.

വി എം സുധീരന്റെ രാജിക്കാര്യത്തോടും സുധാകരൻ പ്രതികരിച്ചു. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

പാലാ ബിഷപ്പിന് എതിരെ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിലെഴുതിയ ലേഖനത്തിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ചിദംബരം ഉയർത്തിയിരിക്കുന്നത്. നാർക്കോട്ടിക് പരാമർശം വികലമായ ചിന്തയിൽ നിന്നുണ്ടായതാണെന്നായിരുന്നു ചിദംബരത്തിന്റെ വിമർശനം.

ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാർ പിന്തുണച്ചതിൽ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നിലപാടുകളെ ലേഖനത്തിൽ ചിദംബരം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചിദംബരത്തെ തള്ളി പാലാ ബിഷപ്പിനെ പിന്തുണച്ച് സുധാകരൻ എത്തിയിരിക്കുന്നത്.