തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തിൽ അനു എന്ന ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും. പി.എസ്.സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.എസ്.സിയും സർക്കാരുമാണ് ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പി.എസ്.സിയുടെ സുതാര്യത നഷ്ടമാക്കി. ഒ.എംആർ ഷീറ്റിൽ പോലും തട്ടിപ്പാണ്. അനുവിന്റെ കുടുംബത്തിനെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പാർട്ടി സെക്രട്ടറിയെ പോലെയാണ് പ്രവർത്തിക്കുന്നത്. വിശ്വാസ് മേത്ത ഐഎഎസ് ആണോ വിശ്വാസ് മേത്ത പിബി ആണോ എന്നാണ് അറിയാൻ മേലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സർക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. അങ്ങനെ എത്ര എത്ര സ്വപ്നമാർ ഇങ്ങനെ നിയമിതരായി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ അട്ടിമറിച്ച ഡിവൈഎഫ്.ഐ-എസ്.എഫ്.ഐ ക്രിമിനലുകളെ, ഗുണ്ടകളെ സർക്കാർ സംരക്ഷിക്കുകയാണ്.

എല്ലാ ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ഭാര്യമാർക്ക് ബന്ധുക്കൾക്കും വരെ സർക്കാർ ജോലിയായി. ദേശീയ നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവരുടെ ഭാര്യമാർക്ക് ജോലി നൽകി. ഇതൊരു ഭാര്യാ പ്രസ്ഥാനമായി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.