തിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്. ഭഗത് സിംഗും വാരിയൻ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ അപനിർമ്മിതിയാണ് ഇവിടെ നടക്കുന്നത്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളർത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. കേരളത്തിൽ താലിബാന് പിന്തുണ നൽകാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാന്റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല.

സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോൾ കേരള പൊലീസും സർക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ലൈസൻസ് ഇല്ലാത്ത തോക്കുമായി കാശ്മീർ സ്വദേശികളെ പിടിച്ചത് ഗൗരവതരമാണ്. സമാന്തര ടെലിഫോൺ എക്‌സേഞ്ച് നടത്തിയ കേസിൽ എറണാകുളം കാക്കനാട് നിന്നും തെലുങ്കാന പൊലീസാണ് പ്രതിയെ പിടിച്ചത്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള സമാന്തര ടെലിഫോൺ എക്‌സേഞ്ച് പാക്കിസ്ഥാനിൽ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. തീവ്രവാദസംഘടനകൾക്ക് വേണ്ടിയാണ് ഇത് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്തിലെയും കരിപ്പൂർ സ്വർണ്ണക്കടത്തിലെയും പ്രതികൾ സമാന്തര ടെലിഫോൺ എക്‌സേഞ്ച് ഉപയോഗിച്ചു. എന്നാൽ കേരള പൊലീസ് നിഷ്‌ക്രിയമായി എല്ലാം നോക്കിനിൽക്കുകയാണ്.

പൊലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത പൊലീസ് കൊച്ചു കുഞ്ഞിനെ കാറിൽ പൂട്ടിയിട്ട് മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ഇതിനെതിരെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ആറ്റിംങ്ങലിൽ നടന്ന പൊലീസിന്റെ സദാചാര പൊലീസ് ചമയൽ കേരളത്തിലെ പൊലീസ് രാജിന് ഉദ്ദാഹരണമാണ്. വ്യാപകമായ പിടിച്ചുപറിയും അക്രമവുമാണ് പൊലീസ് നടത്തുന്നത്.

പെറ്റികേസ് ചാർജ് ചെയ്ത് പണം പിരിക്കാൻ ഓർഡർ ചെയ്യുകയാണ് മുഖ്യമന്ത്രി. സിപിഎം ഫ്രാക്ഷനാണ് പൊലീസിലുള്ളത്. ആർഎസ്എസിനെ ചൂണ്ടി മുഖ്യമന്ത്രിക്ക് നേരെ വെടിവെക്കുകയാണ് സിപിഐ നേതാവ് ആനിരാജ ചെയ്തത്. ഇത്രയധികം കോവിഡ് വർദ്ധിച്ചിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. അശാസ്ത്രീയമായ നടപടിയിലൂടെ കേരളത്തിനെ ദുരിതത്തിലാക്കിയതിന് സർക്കാരാണ് ഉത്തരവാദിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും സംബന്ധിച്ചു