തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ​ഗുരുതര ആരോപണം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിയെക്കുറിച്ച് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ വിവാദ ഫ്ലാറ്റ് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും സിപിഎം പ്രതികരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് നാളെ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

"മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തുന്ന അഴിമതിയാണ്. തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നത്. റെഡ്ക്രസൻറിന് നൽകിയ തുകയുടെ പകുതി പോലും ചിലവഴിച്ചിട്ടില്ല. കരാർ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിന്റെ വിവരങ്ങൾ പറത്ത് വരുമെന്ന് ഭയന്നാണ്. ഫ്ലാറ്റിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു'. മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ കൊടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം,കേരളത്തിലെ ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങുമ്പോൾ അത് സംസ്ഥാന സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് റിപ്പോർട്ടുകൾ, 2019 ജൂലൈ 11നാണ് റെഡ് ക്രസന്റുമായി കേരളസർക്കാർ ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നു ചടങ്ങ്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താനും ലൈഫ് മിഷൻ സിഇഒ യു.വി. ജോസുമാണ് കരാറിൽ ഒപ്പുവച്ചത്. വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കു യൂണിടാക് സമർപ്പിച്ച രൂപരേഖ പ്രകാരം 20 കോടി രൂപ ചെലവു വരുമെന്നു ലൈഫ് മിഷൻ കണക്കാക്കിയിരുന്നതായി ഉന്നതർ. എങ്കിൽ കമ്മിഷൻ ഇനത്തിൽ ഇതിൽ നിന്നു 4.25 കോടി രൂപ മാറുമ്പോൾ, പദ്ധതിയുടെ ഗുണനിലവാരം കുറയും. സ്വർണ്ണ കടത്തിൽ പിടിയിലായ സ്വപ്‌നാ സുരേഷിന്റെ കൈക്കൂലി വെളിപ്പെടുത്തൽ അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് പുലിവാലാണ്.

2018 ലെ പ്രളയ സമയത്ത് കേരളത്തിനു യുഎഇ നേരിട്ടു സഹായം പ്രഖ്യാപിച്ചപ്പോൾ സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. ഈ നിബന്ധന കേന്ദ്രം മാറ്റാതിരിക്കെ, സംസ്ഥാന സർക്കാർ എങ്ങനെയാണ് യുഎഇയുമായി കരാർ ഒപ്പിട്ടതെന്നാണ് അന്വേഷിക്കുന്നത്. ഏതു വിദേശ രാജ്യത്തു നിന്നും സംസ്ഥാന സർക്കാരിനു സഹായം സ്വീകരിക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ അനുവദിക്കാതെ സ്വീകരിക്കാനാവില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. ലൈഫ് മിഷനും ഇതിന് സമാനമായ തരത്തിലെ പുനരധിവാസ പദ്ധതിയാണ്. അതുകൊണ്ട് തന്നെ യുഎഇ സഹായം വാങ്ങിയത് ശറിയായില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുക്കുകയാണ്.

ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെയും അറിയിക്കണം. ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്രബജറ്റിലും പരാമർശിക്കാറുണ്ട്. സ്വപ്‌നാ സുരേഷിനും മറ്റും കൈക്കൂലി 4.25 കോടിയെന്നത് ഈ പദ്ധതിയിൽ നിന്നാണെന്ന വാദം വ്യാഖ്യാനമാണെന്ന നിലപാടിലാണു ലൈഫ് മിഷൻ. സർക്കാരിന്റെ ഏജൻസി തന്നെ 20 കോടി രൂപ മൂല്യം കണക്കാക്കിയ നിർമ്മാണ പദ്ധതിയിൽ നിന്ന് കുറയുന്ന ഓരോ രൂപ പദ്ധതിയുടെ നിലവാരത്തെ ബാധിക്കാൻ പോ്ന്നതാണ്.

യൂണിടാക്കിന്റെ പക്കൽ നിന്ന് എസ്റ്റിമേറ്റ് വാങ്ങി പരിശോധിച്ചിട്ടില്ലെന്നും പകരം അവർ അയച്ച പ്ലാൻ പരിശോധിച്ചാണു തുക കണക്കാക്കിയതെന്നുമാണു ലൈഫ് മിഷന്റെ മറുപടി. 2019 ഓഗസ്റ്റ് 17, 22 തീയതികളിലാണു യൂണിടാക്കിൽ നിന്നു പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷനു ലഭിക്കുന്നത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണു പ്ലാൻ എന്ന് എൻജിനീയർമാരടങ്ങിയ സംഘം പരിശോധിച്ച് ഉറപ്പാക്കി. പദ്ധതിയുമായി മുന്നോട്ടു പോകാൻ ഓഗസ്റ്റ് 26 ന് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിനു കത്തയച്ചു. മാനദണ്ഡപ്രകാരമാണു പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതെന്നു ലൈഫ് മിഷൻ എൻജിനീയർമാർ ഉറപ്പു വരുത്തുന്നുണ്ടെന്നാണ് ഔദ്യോഗിക നിലപാട്. ലൈഫ് പാർപ്പിട സമുച്ചയത്തിനു പ്രീഫാബ് സാങ്കേതികവിദ്യ നിശ്ചയിച്ചിരുന്നെങ്കിലും റെഡ് ക്രസന്റ് സൗജന്യമായി കെട്ടിടം നിർമ്മിച്ചു നൽകാൻ തയാറായപ്പോൾ ഇത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.