ഹരിപ്പാട്: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിർക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹിന്ദു സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെ അശ്ലീലമായ രീതിയിൽ അവതരിപ്പിച്ച നോവലിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നോവലിനെ അനുകൂലിച്ച് ആദ്യമായി രംഗത്ത് വന്നത് രമേശ് ചെന്നിത്തലയായിരുന്നു. ഹിന്ദുവിരുദ്ധനാണ് ചെന്നിത്തലയെന്നും വിജയയാത്രയ്ക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെ ചെന്നിത്തല അനുകൂലിക്കുകയാണ്. ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ എൽഡിഎഫുമായി ധാരണയുണ്ടാക്കുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി യാദവകുലം പോലെ തകരുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്ക് ഫലം വന്നപ്പോൾ കോൺഗ്രസ് തകർന്നത് കാണാനായിരുന്നു വിധി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെ ഇറക്കുക വഴി ചെന്നിത്തല പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചതായും അദ്ദേഹം പറഞ്ഞു.