കാസർഗോഡ്: നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശസംഘടനകളും രാഷ്ട്രീയപാർട്ടികളും കണ്ണടയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഉദ്ഘാടനം കാസർഗോഡ് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമ്മും കോൺഗ്രസ്സും മറ്റു രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ബിജെപി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമായതുകൊണ്ടാണ്ട് ഈ പാർട്ടികൾ മൗനം പാലിക്കുന്നത്.

ബിജെപിക്കാർ മാത്രമല്ല ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ആളുകൾക്കും നേരെ അക്രമം നടക്കുന്നതായും മതമൗലികവാദികളുടെ പിന്തുണ തൃണമൂലിനു ലഭിക്കുന്നതായുമാണ് വാർത്തകൾ പുറത്തുവരുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ മനുഷ്യകുരുതിക്കെതിരെ പൊതുസമൂഹം ഒരുമിക്കണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകർ ബംഗാളിലെ പ്രവർത്തകർക്ക് പൂർണ്ണപിന്തുണ നൽകുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.